മലിന ജലാശയങ്ങളെ വീണ്ടെടുക്കാന്‍ മാതൃകയുമായി ഡല്‍ഹി സര്‍ക്കാര്‍ ; വിജയമായി പുതിയ പരീക്ഷണം

ദൈവത്തിന്റെ സ്വന്തം നാടാണ് എന്നൊക്കെ പറയും എങ്കിലും കേരളത്തിലെ പല നഗരങ്ങളും മാലിന്യത്തിന്റെ കൂമ്പാരമാണ് ഇപ്പോള്‍. നഗരങ്ങളിലൂടെ ഒഴുകുന്ന തോടുകളും അരുവികളും എല്ലാം മാലിന്യ വാഹകര്‍ ആയി മാറിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. സര്‍ക്കാര്‍ പേരിനു എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നത് അല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല. മാലിന്യങ്ങള്‍ നിറഞ്ഞ് രോഗാതുരമായി അന്ത്യശ്വാസം വലിക്കുന്നവയാണ് ഇവയെല്ലാം . അത്തരം ജലാശയങ്ങള്‍ക്കായി ഒരു മാതൃകപദ്ധതി വികസിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.

പിവിസി പൈപ്പിന് നടുവില്‍ തെര്‍മോകോള്‍ വിരി. തോര്‍മോകോളിലെ സുഷിരങ്ങളിലൂടെ ജലപ്പരപ്പില്‍ വളര്‍ന്ന് പൂത്തുതളിര്‍ക്കുന്ന ചെടികള്‍. വെള്ളത്തിലെ മാലിന്യങ്ങള്‍ ചെടികള്‍ക്ക് വളമാകുന്നു. വെള്ളവും ഒരുപരിധിവരെ വായുവും മാലിന്യമുക്തമാക്കുകയാണ് ഈ ജലച്ചെടി പദ്ധതിയിലൂടെ ലക്ഷ്യം. മണ്ണില്‍ വളരുന്നതിനേക്കാള്‍ വേഗത്തിലാണ് വെള്ളത്തില്‍ ഈ ചെടികളുടെ വളര്‍ച്ച. മൂന്ന് മാസം മുമ്പ് നട്ടതാണ് ഈ ചെടികളെല്ലാം. നാടന്‍ വാഴച്ചെടികളും വയലുകളില്‍ കാണുന്ന അമ്പര്‍ല ഗ്രാസുമാണ് ജലപ്പരപ്പില്‍ വളര്‍ത്തുന്നത്.

ഡല്‍ഹിയിലെ സഞ്ജയ് വന്‍ പാര്‍ക്കില്‍ തുടങ്ങിയ പദ്ധതി ഇന്ന് നിരവധി തടാകങ്ങളിലേക്ക് വ്യാപിപ്പിച്ചു. അന്തരീക്ഷ മലിനീകരണം വലിയ വെല്ലുവിളിയായപ്പോള്‍ ഡല്‍ഹി ഐഐടിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. മുംബായ് ആസ്ഥാനമായ സ്വകാര്യ കമ്പനിയും ദില്ലി സര്‍ക്കാരും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. ജലച്ചെടി പദ്ധതിയിലൂടെ മൂന്ന് മാസത്തിനുള്ളില്‍ വെള്ളത്തിലെ മാലിന്യ അളവ് വലിയ തോതില്‍ കുറഞ്ഞുവെന്നാണ് പഠനം. നമുക്കും നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നാണ് ഈ പദ്ധതി. എന്നാല്‍ അതിനു ആത്മാര്‍ഥത ഉള്ള ഒരു ഭരണകൂടം ഉണ്ടായിരിക്കണം എന്ന് മാത്രം.