അമ്മ’യുടെ പടമുള്ള ബാഗുകള്‍ മാറ്റേണ്ട ; എന്നെ ആരും പുകഴ്ത്തണ്ട ; വ്യത്യസ്തനായി സ്റ്റാലിന്‍
തമിഴ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത സ്വരമായി മാറുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അധികാരത്തില്‍ ഏറി കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒന്നാമന്‍ ആയ സ്റ്റാലിന്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഇതിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുക. 65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്.
അധികാര മാറ്റത്തിനനുസരിച്ച്, പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിര്‍മിച്ച വന്‍പദ്ധതികള്‍ പോലും രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്റെ നിര്‍ണായക തീരുമാനം വരുന്നത്. ചിത്രങ്ങള്‍ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്തു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ടുപോകുന്ന ഭരണമാണ് തമിഴകത്ത് നടപ്പാക്കുന്നതെന്ന പ്രശംസയും സ്റ്റാലിന്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അതുപോലെ നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കര്‍ശന നിര്‍ദേശവും സ്റ്റാലിന്‍ നല്‍കി. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടിരുന്നു. എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച ആറാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.