പി.കെ.ശശിക്ക് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി

വിവാദ സിപിഎം നേതാവ് പി കെ ശശിക്ക് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോര്‍പറേഷന് ബോര്‍ഡംഗമായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട സ്ത്രീ പീഡന വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് സിപിഎം മാറ്റി നിര്‍ത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച പട്ടികയില്‍ പി കെ ശശിയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ശശിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ കൂടിയായിരുന്ന ശശിയെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് 2018 നവംബര്‍ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പരാതി അന്വേഷിച്ച മന്ത്രി എകെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് 2019 മെയ് മാസം പാര്‍ടിയിലേക്ക് തിരിച്ചെടുത്തു. സെപ്തംബറില്‍ 14ന് അംഗങ്ങളുടെ വിയോജിപ്പുകളോടെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതോടെ പി കെ ശശി വീണ്ടും പഴയ പദവിയിലേക്ക് തിരിച്ചെത്തി.