സ്റ്റാലിന്‍ ഭരണത്തിലെ കൂടുതല്‍ ക്രൂരതകള്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍

ഉക്രെയിനില്‍ സ്റ്റാലിന്റെ ഏകാധിപത്യ കാലഘട്ടത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്ന് ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു സ്റ്റാലിന്റെ ഏകാധിപത്യ ഭരണകാലം. ദിവസങ്ങള്‍ക്ക് മുന്‍പ് ഉക്രെയിനിലെ തെക്കന്‍ നഗരമായ ഒഡെസയിലെ 29 ശവകുടീരങ്ങളില്‍ 5000 മുതല്‍ 8,000 വരെ ആളുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 1930 -കളുടെ അവസാനത്തിലേത് എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഒരു വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ശ്രദ്ധയില്‍ പെട്ടത്. സോവിയറ്റ് യൂണിയന്റെ ജോസഫ് സ്റ്റാലിന്‍ ഭരണകാലത്ത് ലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ മരിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതില്‍ തന്നെ ഉക്രേനിയന്‍ ക്ഷാമം എന്ന 39 ലക്ഷത്തിലധികം മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ച ലോകചരിത്രത്തിലെ ക്രൂരമായ ഒരു കാലമാണ് ഇപ്പോള്‍ വീണ്ടും ലോകം ഓര്‍ത്തെടുക്കുന്നത്.

1932-33 കാലഘട്ടത്തിലാണ് സംഭവം. ഉക്രെയ്നില്‍ കടുത്ത ക്ഷാമം പിടിപെട്ടു. പട്ടിണി കിടക്കുന്ന ആളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ അലഞ്ഞുനടന്നു. എന്നാല്‍ പ്രകൃതി ക്ഷോഭമോ വരള്‍ച്ചയോ ദാരിദ്ര്യമോ മൂലമുണ്ടായ പട്ടിണി ആയിരുന്നില്ല അത്. ചരിത്രത്തിലെ മറ്റ് ക്ഷാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു മനുഷ്യന്റെ സൃഷ്ടിയായിരുന്നു അത് . ഉക്രൈയ്നിലെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചെറുകൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാറിന്റെ കീഴിലാക്കിയ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ നയങ്ങളുടെ ബാക്കിപത്രമാണ് 39 ലക്ഷം മനുഷ്യര്‍ പട്ടിണി കിടന്നു മരിയ്ക്കാന്‍ കാരണമായത്. റഷ്യയുടെ പടിഞ്ഞാറ് കരിങ്കടലിനടുത്തുള്ള ഉക്രെയ്ന്‍ അക്കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1929-ല്‍, സ്റ്റാലിന്റെ കീഴിലുളള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങള്‍ പിടിച്ചെടുത്ത് കൂട്ടുകൃഷി തുടങ്ങാന്‍ തീരുമാനിച്ചു. പാവപ്പെട്ട കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൃഷിഭൂമികള്‍ മാത്രമല്ല, വീടുകളും സര്‍ക്കാരിന് കൈമാറേണ്ടതായി വന്നു. എന്നാല്‍, കര്‍ഷകര്‍ ഈ തീരുമാനത്തെ എതിര്‍ത്തു. പലയിടത്തും കര്‍ഷകസമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

ഉക്രൈയ്നിലെ കൃഷിയിടങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി 1929 -ലാണ് ആരംഭിച്ചത്. കര്‍ഷകരുടെ ഭൂമിയും കന്നുകാലികളും സര്‍ക്കാര്‍ ഉടമസ്ഥതയിലായി. സര്‍ക്കാര്‍ ഫാമുകളില്‍ കര്‍ഷകര്‍ ദിവസക്കൂലിക്കാരായി ജോലി ചെയ്തു. ഉക്രെയ്നിനെ സോവിയറ്റ് യൂണിയന്റെ ഭക്ഷ്യകേന്ദ്രമാക്കാന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. വിളവെടുക്കുന്ന ധാന്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും അതുവഴി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമായിരുന്നു പദ്ധതി. സോവിയറ്റ് ഭരണകൂടം എതിര്‍ക്കുന്നവരെ ശത്രുക്കളായി കണക്കാക്കി. അവരെ ജന്മികളെന്നും, സോവിയറ്റ് വിരുദ്ധരെന്നും മുദ്രകുത്തി. ചിലരെ വെടിവച്ച് കൊന്നു, മറ്റ് ചിലരെ ജയിലിലടച്ചു.

സോവിയറ്റ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ അവരുടെ ഫാമുകളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. സ്റ്റാലിന്റെ രഹസ്യ പൊലീസ് 50,000 ഉക്രേനിയന്‍ കര്‍ഷക കുടുംബങ്ങളെ സൈബീരിയയിലേക്ക് നാടുകടത്താന്‍ പദ്ധതിയിട്ടതായി, ചരിത്രകാരിയായ ആനി ആപ്പിള്‍ബോം തന്റെ പുസ്തകമായ റെഡ് ഫാമൈന്‍: സ്റ്റാലിന്‍സ് വാര്‍ ഓണ്‍ ഉക്രൈന്‍ -ല്‍ എഴുതുന്നു. ജനങ്ങള്‍ ദുരന്തം അനുഭവിച്ചാലും, നശിച്ചാലും പ്രശ്‌നമില്ല, ഉക്രൈനിനെ ഒരു ആധുനിക, തൊഴിലാളിവര്‍ഗ, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കണമെന്ന ഒരൊറ്റ ഉദ്ദേശത്തിലായിരുന്നു സ്റ്റാലിനെന്നും ചരിത്രകാരി എഴുതുന്നു.

നിശ്ചിത അളവില്‍ ധാന്യങ്ങള്‍ സര്‍ക്കാരിന് കൃഷിചെയ്തു നല്‍കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും സര്‍ക്കാര്‍ പറയുന്ന അളവില്‍ കര്‍ഷകര്‍ക്ക് ധാന്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ പണവും ലഭിച്ചില്ല. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നയങ്ങള്‍ അതോടെ സര്‍ക്കാര്‍ നടപ്പിലാക്കി. ഉക്രെയ്നിലെ ഗ്രാമനഗരങ്ങളും കൃഷിയിടങ്ങളും സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഭക്ഷണം ലഭിക്കുന്നത് തടയുകയും ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മാത്രമാണ് ആളുകള്‍ക്ക് ലഭിച്ചിരുന്നത്.

അതേസമയം പട്ടിണിയിലായ കര്‍ഷകര്‍ ഭക്ഷണം തേടി ഉക്രെനിയ വിടുന്നത് സര്‍ക്കാര്‍ തടയുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിക്കുന്നവര്‍ക്ക് വധശിക്ഷയോ, 10 വര്‍ഷത്തെ തടവോ ചുമത്തി. കര്‍ഷകരും സാധാരണക്കാരും പട്ടിണിയിലാവുന്നതിനിടയിലും, ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളിലായിരുന്നു സ്റ്റാലിന്‍. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷകരുടെ വീടുകള്‍ ആക്രമിക്കുകയും വിളകള്‍ മുതല്‍ സകല ഭക്ഷ്യവസ്തുക്കളും കൈയടക്കുകയും ചെയ്തു. അതോടെ പ്രതിസന്ധി പാരമ്യത്തിലെത്തി. പട്ടിണിയും ഭയവും ആളുകളെ കീഴ്‌പ്പെടുത്തി.

പതുക്കെ ഉക്രെയ്നിലെ മരണനിരക്ക് വര്‍ദ്ധിച്ചു. 1931 -നും 1934 -നും ഇടയില്‍ യുഎസ്എസ്ആറിലുടനീളം ദശലക്ഷകണക്കിന് ആളുകള്‍ പട്ടിണി മൂലം മരിച്ചു. ഉക്രെനിയന്‍ ഡെമോഗ്രാഫര്‍മാരുടെ ഒരു സംഘം നടത്തിയ പഠനമനുസരിച്ച്, കുറഞ്ഞത് 39 ലക്ഷം ഉക്രെനിയക്കാര്‍ മരിച്ചു. മനുഷ്യര്‍ മനുഷ്യരെ തിന്നുന്ന സംഭവങ്ങള്‍ മുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെയുള്ള നിരവധി വിവരണങ്ങള്‍ പൊലീസ് രേഖകളില്‍ നിന്ന് കണ്ടെത്തി. നാട്ടിന്‍പുറങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കുഴിച്ചു. തളര്‍ന്ന, വിറക്കുന്ന കാലുമായി ആളുകള്‍ തെരുവുകളില്‍ ലക്ഷ്യമില്ലാതെ നടന്നു.

അതിനിടയില്‍ പലരും കുഴഞ്ഞ് വീണ് മരിച്ചു. സെമിത്തേരികളില്‍ വലിയ കുഴിയെടുത്ത് ശവശരീരങ്ങള്‍ കുഴിച്ചുമൂടി. റേഷന്‍ കാര്‍ഡുകള്‍ കാരണം പലര്‍ക്കും അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും പട്ടിണി നഗരവാസികളെയും ബാധിച്ചു. ഉക്രെയ്നിലെ ഏറ്റവും വലിയ നഗരങ്ങളും, തെരുവുകളും ശവശരീരങ്ങളാല്‍ നിറഞ്ഞു. ക്ഷാമം രൂക്ഷമായപ്പോള്‍, ഭക്ഷണം തേടി പലരും പലായനം ചെയ്യാന്‍ ശ്രമിച്ചു. ചിലര്‍ വഴിയരികില്‍ മരിച്ചു, മറ്റുള്ളവരെ രഹസ്യ പൊലീസും തടഞ്ഞു. സോവിയറ്റ് കോണ്‍ഗ്രസ് കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കര്‍ഷകര്‍ ജീവനോടെ നിലനില്‍ക്കാന്‍ പലവഴിയും പയറ്റി. അവര്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നുകയും പൂക്കള്‍, ഇലകള്‍, മരത്തിന്റെ പുറംതൊലി, വേരുകള്‍ എന്നിവ കഴിക്കുകയും ചെയ്തു.

ഒടുവില്‍, 1991 -ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍, ഉക്രെയ്ന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. എന്നാലും ആ ക്ഷാമകാലം ഉക്രേനിയക്കാരുടെ പൊതുസ്വത്വത്തിന്റെ വേദനാജനകമായ ഭാഗമായി തുടര്‍ന്നു. 2019 -ന്റെ തുടക്കത്തില്‍, 16 രാജ്യങ്ങളും വത്തിക്കാനും ഹോളോഡോമറിനെ വംശഹത്യയായി അംഗീകരിച്ചു. കൂടാതെ യു എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഇത് വംശഹത്യ എന്ന് പ്രഖ്യാപിച്ചു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഉക്രേനിയന്‍ ക്ഷാമത്തെ സോവിയറ്റ് യൂണിയന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജ്യത്തിനകത്ത് ക്ഷാമം ഒരിക്കലും പരാമര്‍ശിച്ചിട്ടില്ല. അതിനെപ്പറ്റിയുള്ള എല്ലാ ചര്‍ച്ചകളും അടിച്ചമര്‍ത്തപ്പെട്ടു. ക്ഷാമം മറയ്ക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തി. സോവിയറ്റ് ഉദ്യോഗസ്ഥര്‍ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മനഃപൂര്‍വ്വം ഇല്ലാതാക്കി.