ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുന്നു ; യുഎന്നില്‍ മോദി

ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുമെന്നും ഇന്ത്യയിലെ മാറ്റം ലോകം ഉള്‍ക്കൊള്ളുന്നുവെന്നും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം 40 കോടി ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിച്ചെന്നും മോദി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സീന്‍ ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. ചില രാജ്യങ്ങള്‍ ഭീകരവാദം രാഷ്ട്രീയ ആയുധമാക്കുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇത് ഭീഷണിയായി മാറും. പാക്കിസ്താനെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഐക്യരാഷ്ട്രസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആയി. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ആത്മാര്‍ത്ഥ ഇടപെടല്‍ ആല്ല നടത്തുന്നത് എന്ന സന്ദേശം നല്കാനാണ് മോദി ശ്രമിച്ചത്. ലോകമാധ്യമ റിപ്പോര്‍ട്ടുകള്‍ തന്റെ സര്‍ക്കാരിനുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനുള്ള ശ്രമവും മോദി നടത്തി.നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രയത്നം ലോകത്ത് ശാന്തിയും സമാധനവും കൊണ്ടുവരുമെന്നും സമൃദ്ധിയുണ്ടാക്കുമെന്നും മോദി പറഞ്ഞു.