കനത്ത മഴ ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു ; മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

സംസ്ഥാനത്തു തുടരുന്ന കനത്ത മഴ സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. നിലമ്പൂര്‍ നാടുകാണി, നിലമ്പൂര്‍ കക്കാടംപൊയില്‍ പാതകളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എല്ലാ വിധ ഖനന പ്രവര്‍ത്തങ്ങളും നിര്‍ത്തിവയ്ക്കാനാണ് കളക്ടറുടെ നിര്‍ദേശം. സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടില്‍ ഒഴുക്കില്‍ പെട്ട് ഒരാളും മരിച്ചു. വിവിധ ഇടങ്ങളില്‍ കെട്ടിടം തകര്‍ന്നും, മരം കടപുഴകി വീണും അപകടങ്ങള്‍ സംഭവിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളില്‍ ജലനിരപ്പുയരുകയാണ്.

ഒമ്പത് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയും പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും കണക്കിലെടുത്ത് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. 27 ക്യാംപുകളിലായി 622 പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. കേരളത്തിലെത്തിയ എന്‍ഡിആര്‍എഫിന്റെ അറു സംഘത്തെയും വടക്കന്‍ മേഖലയിലേക്ക് പുനര്‍വിന്യസിപ്പിക്കും. അതേസമയം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ചുഴി രണ്ട് ദിവസം കൂടി തുടരും. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം. റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്നും ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ ജലം ഒഴുകിയെത്തുന്നത് ഒഴിവാക്കാന്‍ അപ്പര്‍ഷോളയാറില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിയന്ത്രിക്കാന്‍ തമിഴ്‌നാടുമായി ധാരണയിലെത്തിയതായും റവന്യുമന്ത്രി കെ. രാജന്‍ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.