കോഴിക്കോട് KSRTC ടെര്‍മിനല്‍ ; മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആര്‍ക്ക് വേണ്ടി?

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് മദ്രാസ് ഐഐടി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയത് ആര്‍ക്ക് വേണ്ടി? എന്ന ചോദ്യം പ്രസക്തമാകുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് കെട്ടിടത്തിലെ കേടുപാടുകള്‍. ടെര്‍മിനലിന്റെ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിംഗ് ഏരിയ ചോര്‍ന്നൊലിക്കുകയാണ്. പലഭാഗങ്ങളിലും ചോര്‍ച്ചയുണ്ട്. മുകള്‍ നിലകളില്‍ നിന്നുള്ള മഴവെള്ളം ഒലിച്ചിറങ്ങി ചുമരുകള്‍ കേടായിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ ചെറിയ മഴപെയ്താല്‍പോലും വെള്ളം കെട്ടിനില്‍ക്കുന്നു. ചുമരിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം പുറത്തേക്ക് പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ സിമന്റിട്ട നിലത്ത് ചാലുകീറിയ നിലയിലാണ്. ഇവിടെ കോണ്‍ഗ്രീറ്റ് കമ്പികള്‍ പുറത്തുകാണുന്നു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്ന് മദ്രാസ് ഐഐടി കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ പഠന റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഐഐടി റിപ്പോര്‍ട്ട് ശരിയാണെന്ന് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ടെര്‍മിനലിന്റെ ആര്‍ക്കിടെക്റ്റായിരുന്ന ആര്‍ കെ രമേഷ് പറയുന്നത്. വി.എസ്. സര്‍ക്കാരിന്റെ കാലത്താണു സമുച്ചയം നിര്‍മിച്ചത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. ഇതു നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി പ്രചാരണായുധമാക്കി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോഴിക്കോട് മത്സരിച്ച് ജയിച്ച എ. പ്രദീപ് കുമാറിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയവും സമുച്ചയത്തിന്റെ നിര്‍മാണ വേഗതയും സ്വപ്നസാക്ഷാത്കാരവുമായിരുന്നു.

എന്നാല്‍ ടെര്‍മിനല്‍ നിര്‍മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ കരാറുകാരിലേക്കും വിരല്‍ ചൂണ്ടുന്നു. 50 കോടി വകയിരുത്തിയ പദ്ധതി 2015-ല്‍ പൂര്‍ത്തിയായപ്പോള്‍ ചെലവായത് 74.63 കോടിയായിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ സി.പി.എം. പ്രതിരോധത്തിലായി. ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി. റിപ്പോര്‍ട്ട് തങ്ങളെ കാണിച്ചിട്ടില്ലെന്നും അതേപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും കെട്ടിടം നടത്തിപ്പിനു കരാര്‍ ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്സ് ആവര്‍ത്തിക്കുമ്പോഴും കരാര്‍ സംബന്ധിച്ച ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നതും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നു. തകരാറിനെക്കുറിച്ചോ പഠനത്തെക്കുറിച്ചോ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല.