അതിശക്തമായ മഴ തുടരും ; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. അപകടസാധ്യതയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
മലയോര മേഖലയില്‍ രാത്രികാല യാത്ര നിരോധിച്ചതായും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയില്‍ പെയ്തത് 293 മില്ലി മീറ്റര്‍ മഴയാണ്. തുലാവര്‍ഷത്തില്‍ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളില്‍ പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.