ബുധനാഴ്ച്ച മുതല്‍ നാലു ദിവസം ശക്തമായ മഴ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 നു 10 ജില്ലകളിലും ഒക്ടോബര്‍ 21 നു 6 ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.പത്തനംതിട്ട ജില്ലയില്‍ പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍. എയര്‍ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്ജമാണ്. കൂടുതല്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ തയാറാണെന്ന് മന്ത്രിമാരായ കെ രാജനും വീണ ജോര്‍ജും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യും. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ ഫോഴ്സിന്റെ രണ്ടു ചോപ്പറുകള്‍ തിരുവനന്തപുരം, കൊച്ചിയിലെ ഐ എന്‍ എസ് ഗരുഡ എന്നിവിടങ്ങളില്‍ സജ്ജമായി നില്‍പ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്സ് 3 മണിയോട് കൂടി കൂട്ടിക്കല്‍ എത്തിച്ചേര്‍ന്നു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങികിടന്നവരെ പോലീസും ഫയര്‍ ഫോഴ്സും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പത്തനംതിട്ടയിലെ കക്കി അണക്കെട്ട് അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. എന്‍ ഡി ആര്‍ എഫ് ടീമിനെ ആവശ്യം വരികയാണെങ്കില്‍ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കും. ലക്ഷദീപിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും നാളെ (തിങ്കള്‍) വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തൃശൂര്‍, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍ , പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.