സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധത്തിന് തടസമില്ല. എന്നാല്‍ നാളെ രാത്രി വരെ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം. 25 ദിവസം വൈകിയാണ് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെ വരെയാണ് തുലാവര്‍ഷ മഴയായി കണക്കാക്കുന്നത്. പ്രവചന പ്രകാരം 92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 491.6 mm ആണ്. എന്നാല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ലഭിച്ചത് 523.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു.