എരുമേലിയില്‍ തീവ്രമഴ ; മൂന്നിടത്ത് ഉരുള്‍പൊട്ടി
എരുമേലിയില്‍ അതിതീവ്രമഴ.കോട്ടയം ജില്ലയിലാകെ ഇന്നും കനത്ത മഴ തുടരുകയാണ്. ഇന്ന് വൈകിട്ട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എറുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വീടുകളിലെ പാത്രങ്ങള്‍ ഒഴുകി പോയി. പലയിടങ്ങളിലും സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്. കല്ലും മണ്ണും വീണ് ഗതാഗതവും സ്തംഭിച്ചു. നിരവധി വാഹനങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോ ഒലിച്ച് പോയതായും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
കനത്ത മഴ തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയത്തും പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഉച്ചയ്ക്ക് ശേഷം കനത്ത മഴ പെയ്യുന്ന സ്ഥിതിവിശേഷം തുടരുകയാണ്. പല ദിവസങ്ങളിലും ഇവിടെ വെള്ളപ്പൊക്കവും വനമേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. കനത്ത മഴ അധികം നേരം നീണ്ടു നില്‍ക്കാത്തതിനാല്‍ മാത്രമാണ് വലിയ ദുരന്തങ്ങള്‍ വഴിമാറി പോകുന്നത്. അതേസമയം രാത്രിയോടെ കൊല്ലം പുനലൂരിലടക്കം മഴ ശക്തമായിട്ടുണ്ട്. പുനലൂരിനടുത്ത് ഇടപ്പാളയത്ത് മലവെള്ള പാച്ചില്‍ നാലു വീടുകളില്‍ വെള്ളം കയറി ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു ആളപായമില്ല.