ദത്ത് വിവാദം ; അനുപമ ഹരജി പിന്‍വലിച്ചു
ദത്തുവിവാദത്തില്‍ അനുപമ ഹരജി പിന്‍വലിച്ചു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് പിന്‍വലിച്ചത്. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്നായിരുന്നു ആവശ്യം. പിന്‍വലിച്ചില്ലെങ്കില്‍ ഹരജി തളളുമെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് പിന്മാറിയത്. കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയില്‍ ഹരജി നിലനില്‍ക്കെ എന്തിനാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്.
കുടുംബകോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ ഹര്‍ജി പിന്‍വലിച്ചുകൂടെയെന്നും കോടതി ചോദിച്ചു. കുടുംബകോടതിയുടെ പരിഗണയിലുള്ള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടല്‍ ആവശ്യമില്ലെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും മുന്നറിയിപ്പ് നല്കിയ കോടതി നാളെ പരിഗണിക്കാനായി മാറ്റി. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത. എന്നിവരടക്കം ആറ്പേരെ എതിര് കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. ഇതിനിടെ ദത്ത് നല്കിയ സംഭവത്തില്‍ നടപടികള്‍ നിയമപരമായിരുന്നുവെന്ന് CWC പോലീസിന് റിപ്പോര്‍ട്ട് നല്കി. നടപടിക്രമങ്ങള്‍ വിശദീകരിച്ച് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയും പൊലീസിന് മറുപടി നല്‍കിയിട്ടുണ്ട്.
അതേസമയം അനുപമയുടെ അമ്മ സ്മിതയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ഉത്തരവിട്ടു. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത, അച്ഛന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള ആറ് പ്രതികളാണ് കോടതിയെ സമീപിച്ചത്. അതേസമയം അനുപമയുടെ അച്ഛന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ സ്വാധീനമുള്ളവരാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു.