വീണ്ടും മണ്ടത്തരം വിളമ്പി കങ്കണ ; ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് താരം

വിവാദ പരാമര്‍ശത്തിനു പിന്നാലെ മണ്ടത്തരങ്ങളും വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്. തന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കും എന്നാണ് താരം ഇപ്പോള്‍ അടിച്ചു വിട്ടിരിക്കുന്നത്. 1947ല്‍ ഇന്ത്യയില്‍ നടന്ന സമരം എന്തിനാണെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ തനിക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കി മാപ്പുപറയാമെന്നാണ് നടി പ്രതികരിച്ചത്.

1857ല്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ സമരം.. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായി, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ത്യാഗവും അതിലുണ്ടായിരുന്നു. 1857ലെ സമരങ്ങള്‍ എന്തിനായിരുന്നുവെന്ന് വ്യക്തം. പക്ഷേ 1947ല്‍ ഏത് സമരമാണ് നടന്നത്? ഇതിനുത്തരം ആരെങ്കിലും പറഞ്ഞുമനസിലാക്കി തന്നാല്‍ ഞാനെന്റെ പത്മശ്രീ തിരികെ നല്‍കാനും മാപ്പ് പറയാനും തയാറാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് കങ്കണയുടെ പ്രതികരണം.

ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. വിവാദമായതോടെ ബി ജെപി സഹിതം കങ്കണയ്ക്കെതിരെ രംഗത്തെത്തി. നടിക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്, ആം ആദ്മി പാര്‍ട്ടി, ബിജെപി എംപി വരുണ്‍ ഗാന്ധി തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.