മരിച്ചത് കുറുപ്പ് അല്ല പിന്നെ ആര്…? കുറുപ്പ് (ഭാഗം 2 )

പല തവണ മൊഴി മാറ്റിയതോടെ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്‌കരപിള്ളയുടെ മൊഴിയില്‍നിന്നുതന്നെ പൊലീസിനു വ്യക്തമായി. ഇതോടെ കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്തുക എന്നതായി പൊലീസിന്റെ തലവേദന. അടുത്ത ദിവസങ്ങളില്‍ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍നിന്നു മറുപടി ലഭിച്ചു. ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സനാതനം വാര്‍ഡ് കണ്ടത്തില്‍ എന്‍.ജെ.ചാക്കോയെ രണ്ടു ദിവസമായി കാണാനില്ലെന്നു സഹോദരന്‍ നല്‍കിയ പരാതിയായിരുന്നു അത്. പറിഞ്ഞു വീണ ബട്ടണും പഞ്ഞിയും കരിഞ്ഞ മുടിയും പൊന്നപ്പന്‍ ചെറിയനാട്ട് എത്തിച്ച കെഎല്‍വൈ 5959 കാറില്‍നിന്നു പൊലീസിനു ലഭിച്ചു. മൃതദേഹത്തില്‍നിന്നു ലഭിച്ച പകുതി കത്തിയ അടിവസ്ത്രം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ചാക്കോയുടെ ഭാര്യ ശാന്തമ്മ തിരിച്ചറിഞ്ഞു.

ഭാസ്‌കരപിള്ള കുറ്റസമ്മതം നടത്തിയതോടെ എറണാകുളത്തു നിന്ന് ചാക്കോയുടെ മോതിരവും വാച്ചും കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടവും കണ്ടെത്താനായി. അതും ചാക്കോയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കാറില്‍നിന്നും സ്മിതാ ഭവനത്തിലെ കുളിമുറിയില്‍നിന്നും കിട്ടിയ കരിഞ്ഞ മുടിനാരുകള്‍ ചാക്കോയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതോടെ, കൊല്ലപ്പെട്ടത് ചാക്കോ ആണെന്നു പൊലീസിനു വ്യക്തമായി. 1984 ഫെബ്രുവരി ഒന്നിന് പൊലീസ് സര്‍ജന്‍ ഡോ.ബി.ഉമാദത്തന്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തി തലയോട്ടി സൂപ്പര്‍ ഇംപോസിഷന്‍ നടത്തി ചാക്കോയുടേതാണെന്നു തെളിയിച്ചു. രാജ്യത്തു തന്നെ ഇത്തരത്തില്‍ നടത്തുന്ന ആദ്യ കേസാണിത്. കാര്‍ കത്തിയ സ്ഥലത്തുനിന്നു കിട്ടിയ ഗ്ലൗസിലെ മുടിനാരുകള്‍ ഭാസ്‌കരപിള്ളയുടേതാണെന്നും കണ്ടെത്താനായി. ആലുവയിലെ അലങ്കാര്‍ ലോഡ്ജ്, മദ്രാസിലെ ന്യൂലാന്‍ഡ്‌സ് ലോഡ്ജ്, ഭൂട്ടാനിലെ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ എന്നിവയിലെ കൈപ്പടകള്‍ സുകുമാരക്കുറുപ്പിന്റേതാണെന്നും വ്യക്തമായതോടെ തെളിവുകളെല്ലാം പൊലീസിനു കിട്ടി. അങ്ങനെ സുകുമാരക്കുറുപ്പ് കൊലക്കേസ് ചാക്കോ വധക്കേസ് ആയി.

ഗൂഢാലോചനയെക്കുറിച്ച് അറിയാത്തതിനാല്‍ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്ന് ബന്ധുക്കളില്‍ ഭൂരിപക്ഷവും കരുതി. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ പൊലീസിനെ സമീപിച്ചു. കേസില്‍ സംശയമുള്ളതിനാല്‍ പൊലീസ് മൃതദേഹം പെട്ടിയിലാക്കി മറവു ചെയ്യാനാണ് നിര്‍ദേശിച്ചത്. ഭാസ്‌കരപിള്ള പൊലീസ് കസ്റ്റഡിയില്‍ സത്യം തുറന്നു പറയുമ്പോള്‍ സുകുമാരക്കുറുപ്പ് ആലുവയിലെ അലങ്കാര്‍ ലോഡ്ജിലുണ്ടായിരുന്നു. നാട്ടില്‍ എന്തു നടക്കുന്നുവെന്നറിയാന്‍ സുകുമാരക്കുറുപ്പ് ഡ്രൈവര്‍ പൊന്നപ്പനെ ആലുവയില്‍ നിന്ന് കാറുമായി നാട്ടിലേക്കയച്ചു. കുറുപ്പിന്റെ മരണത്തിനു പിന്നില്‍ പൊന്നപ്പനാണെന്നു ധരിച്ച് ചിലര്‍ അയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മരിച്ചതു കുറുപ്പ് അല്ലെന്നും യാദൃശ്ചികമായി വണ്ടിയിടിച്ചു മരിച്ച ഒരാളെയാണ് കത്തിച്ചതെന്നും കുറുപ്പ് ആലുവയിലെ ലോഡ്ജില്‍ ഉണ്ടെന്നും പൊന്നപ്പന്‍ ബന്ധുക്കളോടു പറഞ്ഞു. ബന്ധുക്കള്‍ ഈ വിവരമൊന്നും പൊലീസിനെ അറിയിച്ചില്ല. എന്നാല്‍ അപ്പോഴും മരിച്ചത് സുകുമാരക്കുറുപ്പ് അല്ല എന്നു വിശ്വസിക്കാന്‍ പൊലീസ് തയാറായിരുന്നില്ല എന്നതാണ് സത്യം.

പൊന്നപ്പന്‍ കുറുപ്പിന്റെ കാര്‍ തിരികെ സ്മിതാഭവനത്തില്‍ എത്തിച്ചതിനു ശേഷം ഭാസ്‌കരപിള്ളയുടെ ബന്ധുവായ മധുസൂദനന്‍ നായര്‍ക്കൊപ്പം ആലുവയിലേക്കു മടങ്ങി. അതിനിടയില്‍ പൊന്നപ്പന്‍ ആലുവയിലെ ലോഡ്ജിലേക്കു ഫോണ്‍ ചെയ്ത് കുറുപ്പുമായി സംസാരിച്ചു.കുറുപ്പിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫീസില്‍ നിന്ന് അബുദാബിയിലെ കമ്പനിയിലേക്കും സരസമ്മയ്ക്കും കുറുപ്പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നു ടെലിഗ്രാം അയച്ചു. ഭാസ്‌കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ സുകുമാരക്കുറുപ്പ് ജനുവരി 23ന് മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തി. ഈരേഴയിലെ ബന്ധുവീട്ടിലെത്തി ഭാസ്‌കരപിള്ളയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പൊലീസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നു മനസ്സിലായതോടെ ബന്ധു ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷയില്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തി കൊല്ലത്തേക്കു ട്രെയിന്‍ കയറി. പൊന്നപ്പനെയും കൂട്ടി അവിടെനിന്നു ഭൂട്ടാനിലേക്കു പുറപ്പെട്ടു. ഭൂട്ടാനിലേക്കുള്ള എന്‍ട്രി പെര്‍മിറ്റിന് സുകുമാരക്കുറുപ്പ് പ്രേംകുമാര്‍ എന്ന പേരിലും പൊന്നപ്പന്‍ സത്യന്‍ എന്ന പേരിലുമാണ് അപേക്ഷ നല്‍കിയത്.

പത്തു ദിവസത്തിനു ശേഷം കുറുപ്പും പൊന്നപ്പനും മദ്രാസിലേക്കു മടങ്ങി. അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. നാട്ടില്‍പ്പോയി പണം സംഘടിപ്പിച്ചെത്താമെന്നു പറഞ്ഞ് കുറുപ്പ് പൊന്നപ്പനെ അവിടെയാക്കി മാവേലിക്കരയിലേക്കു പുറപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജിതമായതിനാല്‍ ഒളിവില്‍ പോകാന്‍ മാവേലിക്കരയിലെ ബന്ധു നിര്‍ദേശിക്കുകയും ചെറിയനാട്ടെ വീട്ടിലെത്തി ഭാര്യയുടെ കയ്യില്‍നിന്നു പണം വാങ്ങി കുറുപ്പിനെ ഏല്‍പിക്കുകയും ചെയ്തു. കുറുപ്പ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലാണ് പണവുമായി എത്തിയത്. അവിടെനിന്നു പൊള്ളാച്ചിയിലേക്കു പോകുമെന്നാണു പറഞ്ഞത്. ഇതിനിടയില്‍ മദ്രാസില്‍ കുറുപ്പിനെ കാത്തിരുന്നു മടുത്ത പൊന്നപ്പന്‍ നാട്ടിലേക്കു പുറപ്പെട്ടു. ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്കു ബോട്ട് കയറുന്നതിനിടയില്‍ ഒരു പരിചയക്കാരന്‍ തിരിച്ചറിഞ്ഞതോടെ പൊന്നപ്പന്‍ പൊലീസ് പിടിയിലായി. ഷാഹുവിനെയും ഇതിനോടകം പോലീസ് പിടിയിലാക്കിയിരുന്നു.

കൊട്ടാരക്കരയില്‍നിന്നു മദ്രാസിലേക്ക് പോയ കുറുപ്പ് അവിടെനിന്നു മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ ഒരു ബന്ധുവീട്ടിലെത്തി. അവിടെ ഒരാഴ്ച താമസിച്ച ശേഷം ബോംബെയിലെ ബന്ധുവീട്ടില്‍ ചെന്നതായും അവിടെ അബുദാബിയില്‍ ജോലി ചെയ്തിരുന്ന സാക്ക് എന്നയാളെ കണ്ടതായും അന്വേഷണോദ്യോഗസ്ഥനായ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെയില്‍നിന്നു സുകുമാരക്കുറുപ്പ് വീട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. പഞ്ചാബിലേക്കു ജോലി തേടി പോകുന്നു എന്നായിരുന്നു കത്തിലെ വിവരം. പക്ഷേ, കത്ത് നശിപ്പിക്കപ്പെട്ടതിനാല്‍ കൂടുതല്‍ വിവരം ലഭിച്ചില്ല.

തുടരും…