1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത രാത്രി ; കുറുപ്പ് (ഭാഗം 3)

മരണത്തിനു കൈ കാണിച്ച ചാക്കോ. 1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത രാത്രി. തിരുവനന്തപുരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അന്ന് അറിയപ്പെട്ടിരുന്നത് എന്‍ എച്ച് 47 എന്നായിരുന്നു. അക്കാലത്ത് ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് ആറ് കിലോമീറ്റര്‍ വടക്ക് കരുവാറ്റ എന്ന സ്ഥലത്ത് ദേശീയ പാതയുടെ വലതു വശത്തായി കുട്ടപ്പന്‍ നായര്‍ എന്ന വ്യക്തിക്ക് ഹരി ടാക്കീസ് എന്ന പേരില്‍ ഒരു സിനിമാ തീയറ്റര്‍ ഉണ്ടായിരുന്നു. ജനുവരി 21 ശനിയാഴ്ച. ഫിലിം റപ്രസന്റേറ്റീവ് എന്‍ ജെ ചാക്കോ തീയറ്ററില്‍ എത്തി. ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ ദിവസവും ആലപ്പുഴയിലെ വീട്ടിലെത്താമെന്നു കരുതിയ ചാക്കോ ഒരാഴ്ച കൂടി തന്റെ സിനിമ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടു. മറ്റൊരു ചിത്രവുമായി കരാര്‍ ഉണ്ടായിരുന്നു എങ്കിലും കുട്ടപ്പന്‍നായര്‍ സമ്മതിച്ചു.

രാത്രി പത്തുമണികഴിഞ്ഞ് സെക്കന്‍ഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്ത് കണക്ക് എടുത്ത ശേഷം ചാക്കോ ആലപ്പുഴയിലേക്കു പോകാനിറങ്ങി. അപ്പോള്‍ കുട്ടപ്പന്‍ നായരുടെ മകന്‍ ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ദേശീയ പാതയില്‍ ബസ് കിട്ടിയാല്‍ ഭാഗ്യം എന്നെ പറയാന്‍ പറ്റൂ. അങ്ങനെ ബുദ്ധിമുട്ടാതെ പിറ്റേന്ന് പോയാല്‍ മതി എന്ന് ശ്രീകുമാര്‍ ചാക്കോയോട് പറഞ്ഞു. പിറ്റേന്ന് ജനുവരി 22 ഞായറാഴ്ച ഒന്നാം വിവാഹ വാര്‍ഷികമായതിനാല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകണം എന്നും അതിനു ശേഷമേ തിയറ്ററില്‍ എത്തുകയുള്ളൂവെന്നു ചാക്കോ പറഞ്ഞു. ആറു മാസം ഗര്‍ഭിണിയായ ഭാര്യയും ഒന്നാം വിവാഹ വാര്‍ഷികവും ചാക്കോയെ പരീക്ഷണത്തിന് പ്രേരിപ്പിച്ചു. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ച് കയറാം എന്ന് കരുതി. കരുവാറ്റ ടിബി ഹോസ്പിറ്റല്‍ ജങ്ഷനിലെ കടയില്‍ നിന്നും ചായ കുടിച്ച് ഇരുവരും പിരിഞ്ഞു.

ഏറെ നേരം റോഡില്‍ കാത്തു നിന്നിട്ടും ചാക്കോയ്ക്ക് വാഹനങ്ങള്‍ ഒന്നും കിട്ടിയില്ല. അപ്പോഴാണ് ഇര തേടി ഇറങ്ങിയ കുറുപ്പും കൂട്ടരും വഴിയരുകില്‍ നില്‍ക്കുന്ന ചാക്കോയെ കാണുന്നത്. കെഎല്‍വൈ- 5959 എന്ന കാറിന്റെ രൂപത്തില്‍ വന്ന തന്റെ മരണത്തിനു ചാക്കോ കൈ കാണിച്ചു. പൊന്നപ്പന്‍ വണ്ടി നിര്‍ത്തി. ആലപ്പുഴയില്‍ ഇറക്കാമെന്നു പറഞ്ഞ് ഭാസ്‌കരപിള്ള അയാളെ അകത്തു കയറ്റി തനിക്കും ഷാഹുവിനും നടുവിലിരുത്തി.വാഹനത്തില്‍ കയറിയ ആള്‍ പരിചയപ്പെടുത്തി. ‘ഞാന്‍ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്. ആലപ്പുഴയിലെ വീട്ടിലേക്കു പോകുന്നു.’ ഭാസ്‌കരപിള്ള കുപ്പിയില്‍നിന്ന് ഒരു ഗ്ലാസില്‍ മദ്യം ചാക്കോയ്ക്ക് നല്‍കി. മദ്യപിക്കാറില്ലെന്നു പറഞ്ഞ ചാക്കോ അത് നിരസിച്ചു. കാര്‍ നേരെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം അല്പദൂരത്തില്‍ തോട്ടപ്പള്ളിയില്‍ നിന്ന് വലത്തേക്ക് പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയില്‍ ഒരാളെ കാണാനുണ്ടെന്നും ഉടന്‍ മടങ്ങാമെന്നും ഭാസ്‌കരപിള്ള പറഞ്ഞു. എതിര്‍ത്ത ചാക്കോയെ ഭീഷണിപ്പെടുത്തി മദ്യം കഴിപ്പിച്ചു. ഈഥര്‍ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോള്‍ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേര്‍ന്ന് ടൗവല്‍ ഉപയോഗിച്ച് ചാക്കോയുടെ കഴുത്തില്‍ മുറുക്കി. മരണം ഉറപ്പു വരുത്തി.

ചായ കുടിച്ച് ഇരുവരും പിരിഞ്ഞ ശേഷം ഞായറാഴ്ചയും തിങ്കളാഴ്ചയും ചാക്കോ തിയറ്ററിലെത്തിയില്ല. അന്ന് ആലപ്പുഴ എസ് ഡി കോളജ് വിദ്യാര്‍ഥിയായിരുന്ന ശ്രീകുമാര്‍ ചാക്കോയെ അന്വേഷിച്ച് ജനുവരി 24 ന് സനാതനം വാര്‍ഡിലെ കണ്ടത്തില്‍ വീട്ടിലെത്തി. ഇതേസമയം ചാക്കോയുടെ സഹോദരന്‍ ചാക്കോയെ അന്വേഷിച്ച് കുട്ടപ്പന്‍നായരുടെ കരുവാറ്റയിലെ വീട്ടിലുമെത്തി. ഇതോടെ മുപ്പതുകാരനായ ചാക്കോയെ കാണാനില്ല എന്ന് മനസിലായതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അന്ന് ഹരി ടാക്കീസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന സിനിമയുടെ പേര് കെണി എന്നായിരുന്നു എന്നത് യാദൃച്ഛികമാകാം. ചാക്കോ സുകുമാര കുറുപ്പും സംഘവും ഒരുക്കിയ കെണിയില്‍ അകപ്പെട്ട് ഈ ലോകത്ത് നിന്നും വിടവാങ്ങിയിട്ട് അപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.

ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ ആറു മാസം ഗര്‍ഭിണിയായിരുന്നു. അച്ഛന്റെ മുഖം കാണാനാകാതെയാണ് മകന്‍ ജിതിന്‍ ജനിച്ചുവീണത്. അന്ന് ആലപ്പുഴ എം എല്‍ എ യും ആരോഗ്യമന്ത്രിയും ആയിരുന്ന കെ.പി.രാമചന്ദ്രന്‍ നായര്‍ ഇടപെട്ട് ശാന്തമ്മയ്ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. 2007 ഡിസംബറില്‍ അവര്‍ വിരമിച്ചു. മകന്‍ ജിതിന്‍ വിവാഹിതനായി. സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്‌കരപിള്ള പുലിയൂരിലെ വീട്ടില്‍ കുടുംബസമേതം കഴിയുന്നു. പൊന്നപ്പന്‍ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സരസമ്മ വിദേശത്തുനിന്നു നാട്ടിലെത്തി.

സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുന്ന കാലത്ത് വണ്ടാനത്ത് വലിയ വീട് നിര്‍മിച്ചു തുടങ്ങിയ ആ ഭൂമി ആര്‍ക്കും വേണ്ടാതായി. കാടു പിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി പണിതീരാത്ത ആ വീട് കിടക്കുന്നു. കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയ മാവേലിക്കര തണ്ണിമുക്കത്തെ പാടം ഇപ്പോഴും അതുപോലെയുണ്ട്. പേര് ചാക്കോപ്പാടം എന്നു വിളിപ്പേരില്‍. കുറുപ്പിന്റെ ഭാര്യവീടായ സ്മിതഭവനവും അതേപടിയുണ്ട്.

തുടരും…