അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്

അടുത്ത 5 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കഴിഞ്ഞ ദിവസം രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്നാട് തുറന്നത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടര്‍ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.