കനത്ത മഴ തുടരുന്നു ; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്തു പല ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ഉള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ ശക്തമായിട്ടുണ്ട്.
ശ്രീലങ്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അതിനിടെ, ആന്ധ്രാ പ്രളയത്തില്‍ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.