അമേരിക്ക ; വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു
മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ലാ നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ്(19) കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം. നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. താങ്ക്‌സ്ഗിവിങ് ആഘോഷത്തിനിടെ കഴിഞ്ഞ ദിവസം മോണ്ട്‌ഗോമറിയില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാള്‍ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിലാണ് ഇവിടെയും മരണം സംഭവിച്ചിരിക്കുന്നത്. വീടിന്റെ സീലിംഗ് തുളച്ചു എത്തിയ വെടിയുണ്ടയാണ് സൂസന്റെ ജീവനെടുത്തത്.
യുഎസില്‍ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വാരം ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമ കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യൂ കൊല്ലപ്പെട്ടിരുന്നു. അലബാമയില്‍ പൊതുദര്‍ശനത്തിനും ശുശ്രൂഷയ്ക്കും ശേഷം മൃതദേഹം കേരളത്തില്‍ എത്തിക്കും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട മറിയത്തിന്റെ പിതാവ് ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്സ സഭ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്.