മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശൂര്‍ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് പ്രദീപിനെ അവസാനമായി ഒരു നോക്കുകാണാന്‍ അദ്ദേഹത്തിന്റെ വസതിയിലും പുത്തൂര്‍ ഗവര്‍മെന്റ് സ്‌കൂളിലുമായി തടിച്ച് കൂടിയത്. മന്ത്രിമാരായ കെ.രാജന്‍, കെ. കൃഷ്ണന്‍കുട്ടി , ആര്‍ ബിന്ധു, കെ രാധാകൃഷ്ണന്‍ എം.എല്‍.എ മാര്‍, എം.പി മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഇന്ന് ഉച്ചയോടെ സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. ശേഷം മൃതദേഹം പുത്തൂര്‍ ഗവര്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് രണ്ട് ദിവസം മുമ്പ് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. ഭൗതിക ശരീരം ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.