സമരത്തിലെ തീവ്രവാദ പരാമര്‍ശം ; ദേശീയ അന്വേഷണ ഏജന്‍സികള്‍ വിശദീകരണം തേടി ; കേസ് പോലീസിന് തലവേദനയാകുന്നു

മോഫിയയും ഭർത്താവ് സുഹൈലും

ആലുവയില്‍ മോഫിയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരായ പോലീസുകാര്‍ക്ക് എതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത മുസ്ലിം നാമധാരികള്‍ക്ക് എതിരെയുള്ള തീവ്രവാദ പരാമര്‍ശം കേരളാ പോലീസിന് തന്നെ തലവേദനയാകുന്നു. റിപ്പോര്‍ട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വിശദീകരണം തേടിയതായി സൂചനയുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കണമെന്ന ആവശ്യവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംഭവത്തില്‍ കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കിലും ഇതേ ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമായി തുടരുകയാണ്.

ഇതിനിടയിലാണ് പരാമര്‍ശത്തില്‍ വിശദീകരണം തേടി മറ്റ് അന്വേഷണ ഏജന്‍സികള്‍ രംഗത്ത് വരുന്നത്. ആലുവ സമരം ഹൈജാക്ക് ചെയ്യാന്‍ ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ അതിന്റെ പ്രവര്‍ത്തകരോ ലക്ഷ്യമിട്ടിരുന്നോയെന്നു അന്വേഷണം തുടങ്ങി. തീവ്രവാദബന്ധ ആരോപണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പോലീസ് പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് എംഎല്‍എ നിവേദനവും നല്‍കിയിട്ടുണ്ട്.

അതേസമയം മോഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ആലുവ റൂറല്‍ എസ് പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം ചോദിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിയക്കാനുണ്ടായ സാഹചര്യവും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടിക്ക് പിന്നാലെ ആലുവ സിഐ സി ഐ സൈജു കെ പൗലോസ് അവധിയില്‍ പ്രവേശിച്ചു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിനായിആലുവ ഗസറ്റ് ഹൗസില്‍ എത്തിയപ്പോള്‍ ആണ് പിണറായി വിജയന്‍ വിവരങ്ങള്‍ തേടിയത്. മൊഫിയയുടെ ആത്മഹത്യയും അതിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ച നിയമ നടപടിയും എസ് പി മുഖ്യമന്ത്രിയോട് പറഞ്ഞു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയെ കുറിച്ചും വിശദീകരിച്ചു. പ്രതികള്‍ക്ക് തീവ്രവാദബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വരാന്‍ ഉണ്ടായ സാഹചര്യവും എസ് പി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.