പാര്‍ലമെന്റില്‍ ബി ജെ പിയെ ശപിച്ചു ജയാ ബച്ചന്‍
പനാമാ പേപ്പര്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ചു ബോളിവുഡ് നടി ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് എസ്പി എംപിയും ഐശ്വര്യയുടെ ഭര്‍തൃമാതാവുമായ ജയ ബച്ചന്‍ . ബിജെപിയുടെ മോശം ദിവസങ്ങള്‍ ആരംഭിക്കുമെന്നും താന്‍ ശപിക്കുകയാണെന്നും രാജ്യസഭയില്‍ ജയാ ബച്ചന്‍ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ജയാ ബച്ചന്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്. ജയാ ബച്ചന്‍ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചെന്ന് ബിജെപി എംപി രാകേഷ് സിന്‍ഹ ഉന്നയിച്ചതോടെയാണ് ജയാ ബച്ചന്‍ ബിജെപിക്കെതിരെ തിരിഞ്ഞത്.
തനിക്കെതിരെ സഭയില്‍ വ്യക്തിപരമായി പരാമര്‍ശങ്ങള്‍ ഉയര്‍ന്നതായി ജയാ ബച്ചന്‍ ഉപാധ്യക്ഷനോട് പരാതിപ്പെട്ടു. ആരെയും പേരെടുത്ത് പറയാതെ ബിജെപിക്കെതിരെയായിരുന്നു ജയയുടെ പിന്നീടുള്ള പരാമര്‍ശങ്ങള്‍. രാജ്യസഭാധ്യക്ഷന്‍ തന്റെ പരാതി കേള്‍ക്കുന്നില്ലെന്നും ജയാ ബച്ചന്‍ ആരോപിച്ചു. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ഭരണ പക്ഷത്തിന് നേരെ തിരിഞ്ഞ് ജയബച്ചന്‍ പറഞ്ഞു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അവര്‍ വ്യക്തമാക്കി. 12 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും ജയാ ബച്ചന്‍ രംഗത്തെത്തി.
‘ഞങ്ങള്‍ക്ക് നീതി വേണം. ട്രഷറി ബെഞ്ചില്‍ നിന്ന് നീതി കിട്ടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നീതി പ്രതീക്ഷിക്കാമോ? പുറത്തുനില്‍ക്കുന്ന ആ 12 എംപിമാരെ (രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍) നിങ്ങള്‍ സംരക്ഷിക്കുമോ?’- എന്നാണ് സ്പീക്കറെ നോക്കി ജയ ബച്ചന്‍ ചോദിച്ചത്. പിന്നാലെ തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭയില്‍ ഉയര്‍ന്നതായി ജയ ബച്ചന്‍ സ്പീക്കറോട് പരാതി പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബച്ചന്‍ പറഞ്ഞു.
ജയ ബച്ചനും ഭരണപക്ഷ എം.പിമാരും തമ്മിലുള്ള വാക്പോരിനെ തുടര്‍ന്നുള്ള ബഹളത്തിനിടെ സഭ പിരിഞ്ഞു. പാനമ പേപ്പറുകളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടിയും ജയ ബച്ചന്റെ മരുമകളുമായ ഐശ്വര്യ റായിയെ ഇ.ഡി ചോദ്യംചെയ്തതും ഇന്നാണ്. ഡല്‍ഹിയിലായിരുന്നു ചോദ്യംചെയ്യല്‍. അഞ്ചു മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.വിദേശരാജ്യങ്ങളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍.