ഇന്ന് 3,640 പേര്‍ക്ക് കോവിഡ് ; കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചു വരുന്നു
ഇന്ന് 3640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 20,180 കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
അതേസമയം ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവക്ക് അടച്ചിട്ട മുറികളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരുമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണമുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
നിലവില്‍ സംസ്ഥാനത്ത് 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. 80 ശതമാനം പേരും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഉടന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.