കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സംവിധായകന്‍ രഞ്ജിത്തിനെ തിരഞ്ഞെടുത്തു

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്. അതെ സമയം സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

സംഘ് പരിവാര്‍ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എം.ജി ശ്രീകുമാറായിരുന്നു. 2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടി പ്രചാരണം നടത്തിയ എംജി ശ്രീകുമാര്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.