ഐ എസ് ആര്‍ ഓയുടെ തലപ്പത്തു വീണ്ടും മലയാളി സാന്നിധ്യം ; എസ്.സോമനാഥ് പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒയുടെ പുതിയ ചെര്‍മാനായി മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്എസ്‌സി ഡയറക്ടറുമായ എസ്. സോമനാഥിനെ തിരഞ്ഞെടുത്തു . ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് സോമനാഥ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.

ജനുവരി 14ന് അദ്ദേഹം ചുമതലയേല്‍ക്കും. വിഎസ്എസ്സി ഡയറക്ടറാകുന്നതിന് മുമ്പ്, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍പിഎസ്സി) ഡയറക്ടറായി രണ്ടര വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലത്തെ ടികെഎം കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ ഐ എ സ് സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സും ഉയര്‍ന്ന റാങ്കോടെ സ്വന്തമാക്കിയ വ്യക്തിയാണ് സോമനാഥ്.1985-ല്‍ വിഎസ്എസ്സിയില്‍ ചേര്‍ന്ന അദ്ദേഹം ആദ്യഘട്ടങ്ങളില്‍ പിഎസ്എല്‍വിയുടെ സംയോജനത്തിന്റെ ടീം ലീഡറായിരുന്നു. പിഎസ്എല്‍വി പ്രോജക്ട് മാനേജര്‍ എന്ന നിലയില്‍, മെക്കാനിസങ്ങള്‍, പൈറോ സിസ്റ്റങ്ങള്‍, ഇന്റഗ്രേഷന്‍, സാറ്റലൈറ്റ് ലോഞ്ച് സര്‍വീസ് മാനേജ്‌മെന്റ് എന്നീ മേഖലകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

ഇസ്റോ രേഖകള്‍ അനുസരിച്ച്, 2003-ല്‍ ജിഎസ്എല്‍വി എംകെഐഐഐ പദ്ധതിയില്‍ ചേര്‍ന്ന അദ്ദേഹം 2010 ജൂണ്‍ മുതല്‍ 2014 വരെ ജിഎസ്എല്‍വി എംകെ-III പ്രോജക്ട് ഡയറക്ടറാകുന്നതിന് മുമ്പ് വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന, ദൗത്യ രൂപകല്‍പ്പന, ഘടനാപരമായ രൂപകല്‍പ്പന, സംയോജനം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, കെയര്‍ മിഷന്റെ ആദ്യ പരീക്ഷണ പറക്കല്‍ 2014 ഡിസംബര്‍ 18-ന് വിജയകരമായി പൂര്‍ത്തിയാക്കി.