യു പിയില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു
തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ യു പിയില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു കഴിഞ്ഞ 48 മണിക്കൂറില്‍ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎല്‍എമാര്‍. നേരത്തേ റവന്യൂമന്ത്രി സ്വാമി പ്രസാദ് മൗര്യയും വനംമന്ത്രി ധാരാസിംഗ് ചൗഹാനും രാജിവച്ചിരുന്നു. പിന്നാക്കവിഭാഗത്തില്‍പ്പെട്ട ആയുഷ് മന്ത്രി ധരം സിംഗ് സൈനിയാണ് ഏറ്റവുമൊടുവില്‍ രാജിവച്ചത്. കൂട്ടക്കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയല്ലാതെ ബിജെപിക്ക് നോക്കിക്കാണാനാകില്ല.
ഇന്ന് രാവിലെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഒരു എംഎല്‍എ കൂടി രാജിവച്ചിരുന്നു. ഷികോഹാബാദ് എംഎല്‍എയായ മുകേഷ് വെര്‍മയാണ് രാജിവച്ചത്. പിന്നാക്ക സമുദായത്തില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പിന്നാക്കസമുദായത്തില്‍പ്പെട്ട നേതാവാണ് ഡോക്ടര്‍ കൂടിയായ മുകേഷ് വെര്‍മ. പിന്നാക്ക സമുദായങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെര്‍മയും രാജി നല്‍കിയിരിക്കുന്നത്.
രാജിവിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വെര്‍മ പറഞ്ഞതിങ്ങനെ, ”സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്റെ പാത ഞങ്ങള്‍ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും. ഇനിയും നേതാക്കള്‍ ബിജെപി വിട്ട് വരും”. കുര്‍ണി വിഭാഗത്തില്‍പ്പെട്ട നേതാവാണ് മുകേഷ് വെര്‍മ. യാദവസമുദായം കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുര്‍ണി. മുകേഷ് വെര്‍മ ബിഎസ്പിയില്‍ നിന്നാണ് ബിജെപിയിലെത്തിയത്. ഉത്തര്‍പ്രദേശില്‍ മുതിര്‍ന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങള്‍ക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു.
പിന്നാക്ക വിഭാഗക്കാരെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നാണ് രാജിക്കത്തില്‍ ദാരാ സിംഗ് ചൗഹാന്‍ തുറന്നടിച്ചത്. ഒട്ടും വൈകാതെ, ‘സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാളി’, എന്ന തലക്കെട്ടോടെ ദാരാസിംഗുമായി നില്‍ക്കുന്ന ചിത്രം എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ദാരാ സിംഗ് ചൗഹാനെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സര്‍വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു.
അരികുവല്‍ക്കരിക്കപ്പെട്ടവര്‍, പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍, ദളിതുകള്‍, കര്‍ഷകര്‍, തൊഴിലില്ലാത്ത യുവാക്കള്‍ എന്നിവരോട് യാതൊരു ആഭിമുഖ്യവും ബിജെപിക്കില്ലെന്ന് രാജിവച്ച ദാരാ സിംഗ് ചൗഹാന്‍ രാജിക്കത്തില്‍ പറയുന്നു. ”വനംപരിസ്ഥിതി വകുപ്പിന്റെ മന്ത്രിയെന്ന നിലയില്‍ എന്റെ കാലത്ത് പരമാവധി ആ വകുപ്പിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍, പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍, ദളിതുകള്‍, കര്‍ഷകര്‍, തൊഴിലില്ലാത്ത യുവാക്കള്‍ എന്നിവരെ തീര്‍ത്തും അവഗണിക്കുന്ന സര്‍ക്കാരിന്റെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ദളിത് സംവരണവും മറ്റ് പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സംവരണവും കൊണ്ട് കളിക്കുകയാണ് സര്‍ക്കാര്‍. ഇതെല്ലാം പരിഗണിച്ചാണ് ഞാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്”, ദാരാ സിംഗ് ചൗഹാന്‍ പറയുന്നു. എന്നാല്‍ ഇനിയെന്ത് വേണമെന്ന് തന്റെ സമുദായത്തിലെ ജനങ്ങളോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ദാരാ സിംഗ് ചൗഹാന്‍ വ്യക്തമാക്കുന്നത്.