46,000 കടന്ന് പ്രതിദിന കൊവിഡ് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു സര്‍ക്കാര്‍

കേരളത്തില്‍ ഇന്ന് 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.

അതേസമയം രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിട്ട് ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാക്കാനാണ് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. നാളെ മുതലാണ് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചത് 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും.

അടുത്ത 2 ഞായറാഴ്ചകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതേസമയം റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (Rapid Response Team)അടിയന്തര യോഗവും ചേര്‍ന്നു. മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.