കോവിഡ് ആദ്യമായി കേരളത്തില്‍ എത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം
ഇന്ത്യയിലും കേരളത്തിലും ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ടു വര്ഷം തികഞ്ഞു. 2020 ജനുവരി 30. ഉച്ചയ്ക്ക് ശേഷം രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്ത ഭീതിയോടെയാണ് രാജ്യം കേട്ടത്. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോള്‍ പോലും ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടല്‍ മാത്രമായിരുന്നു പ്രതിരോധം. രാജ്യം അടച്ചുപൂട്ടി. ശക്തമായ നിയന്ത്രണങ്ങളും, പ്രതിരോധവും തീര്‍ത്ത് ഒന്നാം തരംഗത്തെ കേരളം അതിജീവിച്ചു.ഒന്നും രണ്ടും തരംഗങ്ങള്‍ പിന്നിട്ട് മുന്നാം തരംഗത്തിന്റെ പീക്കിലാണ് കേരളം ഇപ്പോള്‍. നിരവധി ജീവനുകള്‍ കോവിഡ് കവര്‍ന്നെടുത്തു.
സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ് എന്നതും ശ്രദ്ധേയം. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ നമ്മുക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം സുസജ്ജമാണ്. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഓക്സിജന്‍ കരുതല്‍ ശേഖരമുണ്ട്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കൂട്ടി കോവിഡ് പ്രതിരോധം ശക്തമാക്കി.
അതിജീവിച്ചതിനൊപ്പം വാക്‌സിന്‍ പ്രതിരോധത്തിന്റെ ആത്മവിശ്വാസവുമാര്‍ജ്ജിച്ചാണ് കേരളം മൂന്നാം തരംഗത്തെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തരംഗം രൂക്ഷമായി. 2021 മേയ് 12ന് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍ 43,529 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന് പ്രതിദിന കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്‌സിനേഷന്‍ ഉയര്‍ന്നതും വൈറസ് പ്രഹരശേഷി കുറവാണെന്നതിനാലും പൊതുവില്‍ വൈറല്‍ പനിയുടെ നിസ്സാരതയിലേക്ക് ജനജീവിതം മാറുകയാണ്. പഴുതടച്ചുള്ള നിരീക്ഷണത്തില്‍ നിന്ന് സമ്പര്‍ക്കത്തിലുള്ളവരെല്ലാം ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നതാണ് പുതിയ പ്രോട്ടോക്കോള്‍. രണ്ടു വര്‍ഷം കൊണ്ട് സാമൂഹിക സാംസ്‌ക്കാരിക പരമായി ധാരാളം മാറ്റമാണ് കോവിഡ് കാരണം കേരളത്തില്‍ ഉണ്ടായത്. മൂന്നാം തരംഗം അത്രയ്ക്ക് ഭീഷണി ഉയര്‍ത്തുന്നില്ല എങ്കിലും ജന ജീവിതം ഇപ്പോഴും സാധാരണ ഗതിയില്‍ ആയിട്ടില്ല.








