കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി പോയ പെണ്‍കുട്ടിയെ വീണ്ടും കാണാതായി
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരു കുട്ടിയെ വീണ്ടും കാണാതായി. തിരിച്ചു എത്തിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടിയെ ആണ് കാണാതായത്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്താതിരിക്കുകയായിരുന്നു. അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെത്തിയിട്ടില്ലെന്ന വിവരം മനസിലായത്.
തുടര്‍ന്ന് അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അതോടെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുകയായിരുന്നു. മറ്റ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വിവരം അറിയിച്ച് നഗരത്തില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഈ പെണ്‍കുട്ടിയെ നേരത്തേയും കാണാതായിട്ടുണ്ട്. കഴിഞ്ഞ തവണ കാണാതായി കണ്ടുകിട്ടിയ ശേഷമാണ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അതേ പെണ്‍കുട്ടിയെ തന്നെയാണ് കാണാതായിരിക്കുന്നത്. നേരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടിയും. കുട്ടിയെ തിരിച്ചെത്തിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. വീട്ടിലേക്ക് പോവാന്‍ കുട്ടിയും താല്‍പര്യം പ്രകടിപ്പിച്ചു. പിന്നീട് മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു.