അഞ്ച് സൈനികരെ വധിച്ചെന്നു റഷ്യ ; പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍

അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ രംഗത്ത്. ഉക്രൈനെ ആക്രമിക്കാനായി റഷ്യ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം യുക്രൈനെ ആക്രമിക്കാനുള്ള അന്തിമ പദ്ധതി റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഉച്ചകോടി നടത്തി ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്നത്. യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ 9.50നാണ് ആക്രമണമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് റഷ്യയുടെ വാദം. യുക്രേനിയന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പ്രതികാരമായാണ് അഞ്ച് യുക്രേനിയന്‍ സൈനികരെ വധിച്ചതെന്നാണ് റഷ്യ അറിയിച്ചത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ഉക്രൈന്റെ വാദം.

യുക്രൈന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.