തൃക്കാക്കരയില്‍ മര്‍ദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി
തൃക്കാക്കരയില്‍ വീട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി ചെറിയ ചില വാക്കുകള്‍ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്, സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഇതിനെ കാണുന്നത്. കുഞ്ഞ് തനിയെ ഇരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇടതു കൈയുടെ ശസ്ത്രക്രിയയും വിജയകരമാണ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണഗതിയില്‍ ആയിട്ടുണ്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് തീര്‍ത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകള്‍ നിര്‍ണായകം ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു . പിന്നീട് പ്രത്യേക മെഡിക്കല്‍ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത് .
നിരന്തര നിരീക്ഷണത്തിനും ചികിത്സകള്‍ക്കും ശേഷമാണ് ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമാകുന്നത്. മര്‍ദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ പൊലീസിന് കഴിഞ്ഞട്ടില്ല. സംഭവത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്. അതുകൊണ്ടാണ് നിലവിലെ സാഹചര്യത്തില്‍ ബാലാവകാശ നിയമ പ്രകാരം അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ ആരോഗ്യം മെച്ചമാകുന്നതനുസരിച്ചു കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.
ശരീരാമാസകലം പരുക്കേറ്റ രണ്ടു വയസുകാരി പെണ്‍ക്കുട്ടിയെ അപസ്മാര ലക്ഷണളുമായാണ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആദ്യം എറണാകുളം കാക്കനാട്ടെ സ്വകാര്യശുപത്രിയില്‍ എത്തിച്ച കുട്ടിയെ CT സ്‌കാനിങ് വിധേയമാക്കിയപ്പോള്‍ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുവാന്‍ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാവിനോടും, മുത്തശ്ശിയോടും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.