ഡിജിപിയുടെ പേരില്‍ അധ്യാപികയില്‍ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍ . നൈജീരിയന്‍ സ്വദേശിയായ റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ഡല്‍ഹിയില്‍ വെച്ച് പിടികൂടിയത്. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കിയ ഇവര്‍ കൊല്ലം സ്വദേശിനിയായ അധ്യാപികയില്‍ നിന്നും ഹൈ ടെക് രീതിയിലാണ് പണം തട്ടിയത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയില്‍ നിന്നും ഇവര്‍ 14 ലക്ഷം തട്ടിയത്.

ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് അധ്യാപികയ്ക്ക് സന്ദേശമയച്ച ഇവര്‍ പിന്നീട് സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്നുള്ള സന്ദേശമയച്ചു. സംശയം തോന്നി അധ്യാപിക തിരിച്ച് സന്ദേശമയച്ചപ്പോള്‍ ഡിജിപിയുടെ സന്ദേശമാണ് മറുപടിയായി വന്നത്. നികുതി അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ഡിജിപിയുടെ ചിത്രം വെച്ചുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്നും മറുപടി വന്നത്. ഇതില്‍ ഡിജിപി താന്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളതെന്നും പറഞ്ഞിരുന്നു. ഇതോടെ സംശയം തീര്‍ക്കാനായി അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ഡല്‍ഹിയിലാണുള്ളതെന്ന മറുപടി ലഭിച്ചതോടെ സന്ദേശം അയച്ചത് ഡിജിപി ആണെന്ന് ഉറപ്പിച്ച് അധ്യാപിക തട്ടിപ്പ് സംഘത്തിന് പണം കൈമാറുകയായിരുന്നു.

അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹിയിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ടവര്‍, കോള്‍ രജിസ്റ്റര്‍ എന്നിവ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിഐ പി ബി വിനോദ്കുമാര്‍, എസ്‌ഐ കെ ബിജുലാല്‍, എഎസ്‌ഐമാരായ എന്‍ സുനില്‍കുമാര്‍, കെ ഷിബു, സിപിഒമാരായ വി യു വിജീഷ്, എസ് സോനുരാജ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.