അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു

പി.പി. ചെറിയാന്‍

ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ്സില്‍ ബഹളം വയ്ക്കുകയും, കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അധ്യാപിക മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി, അവിടെവച്ചാണ് കുട്ടി അധ്യാപികയെ മര്‍ദിച്ചത്.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അധ്യാപികയെയാണ് കണ്ടത്. തുടര്‍ന്ന് ഇവരെ ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയനല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കുശേഷം അധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. അഞ്ചു വയസ്സുകാരനെ അറസ്റ്റു ചെയ്യുകയോ, കേസ്സെടുക്കുകയോ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.