കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; വേഷം മാറി ഒളിച്ചു താമസിച്ച മുത്തശ്ശി തിരുവനന്തപുരത്ത് പിടിയില്‍
കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്സി അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ അതിനു മുന്നേ സിപ്‌സി സ്ഥലം വിട്ടു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്‌സിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.
പൊലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോണ്‍ ബിനോയ് ഡിക്രൂസ് തന്റെ സൂഹൃത്താണ്. മകന്‍ സജീവന്റെ കുട്ടികളുമായി കൊച്ചിയില്‍ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോണ്‍ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപിസി പറഞ്ഞത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ടുപേര്‍ക്കുമെതിരെ കേസ് എടുത്തത്. കൊലപാതകത്തില്‍ സിപ്‌സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും സിപ്‌സിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇവര്‍ക്കെതിരെ അങ്കമാലിയിലും ചാലക്കുടിയിലും കഞ്ചാവ് കേസ് ഉള്‍പ്പെടെയുള്ളവ നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ് കുട്ടിയുടെ പിതാവ് സജീവ്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.
പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഡിക്‌സി പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല. മക്കളെ നോക്കാത്തത് കൊണ്ട് ഭര്‍ത്താവിന് പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നതെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ അമ്മ ഡിക്‌സി പറഞ്ഞു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായും ഡിക്‌സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ മേഴ്‌സി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയില്‍ നിന്ന് ഫോണില്‍ അറിയിച്ചതെന്നും മേഴ്‌സി ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്‌സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്‌സിക്കൊപ്പം വിട്ടയച്ചു.