വാഗമണ്‍ ഓഫ് റോഡ് റേസ് ; നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്
വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ ഓഫ് റോഡ് റേസ് നടത്തിയതിനാണ് കേസെടുത്തത്. ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജോജു ജോര്‍ജ് ഓഫ് റോഡ് റേസില്‍ വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍ടിഓയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് നോട്ടീസ് നല്‍കി. വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചതെന്നതാണ് പരാതി. റേസ് പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.









