ഗാന്ധിപ്രതിമയുടെ തലവെട്ടിമാറ്റിയ സംഭവം ; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ പയ്യന്നൂരില്‍ പയ്യന്നൂരില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തര്‍ പിടിയില്‍. തായിനേരി സ്വദേശി ടി. അമല്‍ ടി, മൂരിക്കൂവല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത് . വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയില്‍ വച്ച നിലയിലായിരുന്നു, ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ദേശീയ തലത്തില്‍ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തില്‍ ഒരു പ്രതികളെ പോലും തിരിച്ചറിയാന്‍ പയ്യന്നൂര്‍ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ പ്രതികള്‍ സി പി എം പ്രവര്‍ത്തകരായതിനാലാണ് പൊലീസ് നടപടി ഉണ്ടാകാത്തത് എന്നായിരുന്നു ആരോപണം. സാധാരണ ഓഫീസ് ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവും ആരോപണവും മാധ്യമ വാര്‍ത്തകളും വന്നതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് ഉണ്ടായത്.
സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകര്‍ത്തതോടെ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ഇനിയെന്ത് വത്യാസമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.









