ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍

ഓസോണ്‍ പാളിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തിയെന്ന പഠനത്തിനെതിരെ വിമര്‍ശനവുമായി ശാസ്ത്രലോകം. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാട്ടര്‍ലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിന്‍ ലുവാണ് പുതിയ പഠനവുമായി രംഗത്ത് എത്തിയത്. 1980 മുതല്‍ തന്നെ ട്രോപ്പിക്കല്‍ മേഖലയ്ക്കു മുകളിലായി ഓസോണ്‍ ദ്വാരം നിലനില്‍ക്കുന്നതായി പറഞ്ഞുള്ള ലേഖനം എഐപി അഡ്വാന്‍സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാദത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ രംഗത്തെ പല വിദഗ്ധരും പറയുന്നത്. ഗവേഷണം പ്രസിദ്ധീകരിച്ചതോടെ ക്വിങ് ബിന്‍ ലുവിന്റെ പഠനത്തില്‍ ആഴത്തിലുള്ള പിഴവുകളാണെന്ന് വിദഗ്ധരില്‍ നിന്ന് അതിവേഗ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

‘ഈ പഠനം അതിന്റെ നിലവിലെ രൂപത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു,’ ഇംഗ്ലണ്ടിലെ ലീഡ്സ് സര്‍വകലാശാലയിലെ അന്തരീക്ഷ രസതന്ത്ര പ്രൊഫസറായ മാര്‍ട്ടിന്‍ ചിപ്പര്‍ഫീല്‍ഡ് പറയുന്നു. യുകെ ആസ്ഥാനമായുള്ള ഒരു ഇന്റിപെന്റന്റ് സയന്‍സ് മീഡിയ സെന്ററിനോടാണ് ഇദ്ദേഹം അഭിപ്രായം പറഞ്ഞത്. ശാസ്ത്ര വാര്‍ത്തകളുടെ കൃത്യത ഉറപ്പിക്കുന്ന സ്വതന്ത്ര്യ കൂട്ടായ്മയാണ് ഇന്റിപെന്റന്റ് സയന്‍സ് മീഡിയ സെന്റര്‍. ‘ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഇത്രയും വലിയ ഓസോണ്‍ ദ്വാരത്തെക്കുറിച്ച് ഈ ഗവേഷണത്തിലെ അവകാശവാദം മറ്റ് പഠനങ്ങളില്‍ കാണുന്നില്ല, ഇത് വളരെ സംശയാസ്പദമാക്കുന്നു,’ ചിപ്പര്‍ഫീല്‍ഡ് പറഞ്ഞു. ‘ശാസ്ത്രം ഒരിക്കലും ഒരു പഠനത്തെ മാത്രം ആശ്രയിക്കരുത്, ഈ പുതിയ സൃഷ്ടിയെ വസ്തുതയായി അംഗീകരിക്കുന്നതിന് മുമ്പ് സൂക്ഷ്മമായ പരിശോധന ആവശ്യമാണ്.’- ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേ സമയം പഠനം നടത്തിയ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര, ജ്യോതിശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായ ക്വിംഗ്-ബിന്‍ ലു, ചിപ്പര്‍ഫീല്‍ഡിന്റെയും മറ്റുള്ളവരുടെയും വിമര്‍ശനങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് അറിയിച്ചു. ഈ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ഒരു ഇമെയിലില്‍ ലൈവ് സയന്‍സിനോട് അറിയിച്ചു.