നമ്മള്‍ റോഡ് ബ്ലോക്ക് ആക്കി ; എത്രയും വേഗം പരിപാടി തീര്‍ക്കണം എന്ന് മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളെ കാരണം ഉണ്ടായത് വമ്പന്‍ ട്രാഫിക്ക് ബ്ലോക്ക്. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു. ഒപ്പം റോഡ് നിറഞ്ഞ് ജനങ്ങളും. ഈ അവസരത്തിലാണ് മമ്മൂട്ടി ജനങ്ങളുടെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞത്.

‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’, എന്ന് പറഞ്ഞ് മമ്മൂട്ടി വാക്കുകള്‍ ചുരുക്കുക ആയിരുന്നു. മലയാള സിനിമയിലെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തലയും കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് താരമെന്നും എ.എം ആരിഫും പറഞ്ഞു.

അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി ഇപ്പോള്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ജൂലൈ 10ന് എറണാകുളത്ത് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.