ഇലന്തൂര്‍ നരബലി ; ഇനിയും മൃതദേഹങ്ങള്‍ ഉണ്ടോ എന്നറിയാന്‍ മായയും മര്‍ഫിയും ഇലന്തൂരില്‍
ഇലന്തൂരില്‍ നരബലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഭഗവല്‍ സിങിന്റെ വീട്ടിലും പരിസരത്തും വിശദ പരിശോധനയുമായി പൊലീസ്. ഇതിനായി എത്ര പഴക്കവും ആഴത്തിലുമുള്ള മൃതദേഹം മണത്ത് കണ്ടെത്താന്‍ വൈദഗ്ദ്ധ്യമുള്ള കടാവര്‍ ഇനത്തിലുള്ള മായ, മര്‍ഫി എന്നീ നായകളെയും തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. സ്ഥലത്തെത്തിച്ച നായകള്‍ കാട്ടിക്കൊടുത്ത സ്ഥലങ്ങളില്‍ മണ്ണുമാറ്റി പരിശോധന തുടരുകയാണ്. അതേസമയം ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ തെളിവെടുപ്പിനായി കൊച്ചിയില്‍നിന്ന് ഇലന്തൂരില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ ആദ്യം വീട്ടിനുള്ളില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. വിപുലമായ സജ്ജീകരണങ്ങളോടെയാണ് പൊലീസ് സംഘം ഭഗവല്‍ സിങിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്.
കുഴിയെടുക്കാന്‍ ആവശ്യമായ ജെസിബി ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. കുഴി എടുക്കുന്നതിനായി സമീപവാസിയായ സോമന് എന്നയാളും പൊലീസ് സംഘത്തിനൊപ്പമുണ്ട്. മറ്റാരെയും സ്ഥലത്തേക്ക് കടത്തിവിട്ടിട്ടില്ല. മൂന്നു വാഹനങ്ങളില്‍ ആണ് മൂവരെയും എത്തിച്ചത്. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തറിഞ്ഞ ശേഷം പ്രതികള്‍ ഇലന്തൂരിലെത്തിയപ്പോള്‍ നാട്ടുകാരും യുവജനസംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ഒരു സമയത്ത് ഭഗവല്‍ സിംഗിനെ മാത്രം വാഹനത്തില്‍ നിന്ന് പുറത്തിറക്കി. മുഖം പൂര്‍ണമായും മൂടിയാണ് ഭഗവല്‍ സിംഗിനെ പുറത്തിറക്കിയത്. രണ്ട് മൂന്ന് സ്ഥലങ്ങളിലേക്ക് ഭഗവല്‍ സിംഗിനെ കൊണ്ടുപോയതിന് ശേഷം വാഹനത്തിലേക്ക് തിരികെ വിട്ടു. തെളിവെടുപ്പിനായി പൊലീസും പ്രതികളും പൊലീസ് നായകളുമെത്തിയപ്പോള് ഭഗവല്‍ സിംഗിന്റെ വീടിന് സമീപം വലിയ കൂട്ടം ജനങ്ങളാണ് തടിച്ചുകൂടിയത്. അതീവ സുരക്ഷയിലാണ് പൊലീസിന്റെ പരിശോധന പുരോഗമിക്കുന്നത്. നായ ചെന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ ആദ്യ സ്ഥലത്ത് പൊലീസ് കുഴിച്ച് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഈ കുഴി പന്നി കുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
തിരുമ്മല്‍ കേന്ദ്രത്തിന് പിന്നിലുള്ള സ്ഥലത്തും പരിശോധന നടന്നുവരികയാണ്. വീടിന്റെ തെക്കുവശത്തായി ചെമ്പകവും തുളസിയും നടന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. അല്പം മണ്ണ് മാറ്റി പൊലീസ് നായയെ കൊണ്ട് മണപ്പിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്. ഇതെല്ലാം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ എന്തോ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്. ഇതോടെയാണ് ഇലന്തൂരിലെ ഭഗവല്‍സിങിന്റെ വീട്ടില്‍ വീണ്ടും വിശദമായ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.