യുവാക്കള്‍ ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല എന്ന് സമസ്ത

ലോകക്കപ്പ് വേളയില്‍ യുവാക്കളുടെ ആവേശത്തിന് തടയിടാന്‍ ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിര്‍ദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത് ശരിയല്ല. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് നമസ്‌കാരത്തിന് ശേഷം സന്ദേശം നല്‍കുമെന്നും സമസ്ത വ്യക്തമാക്കുന്നു. സംസ്ഥാനത്താകെ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിര്‍ദേശം. ‘ഫുട്‌ബോള്‍ ജ്വരം’ എന്ന പേരില്‍ ആര്‍ഭാടങ്ങളിലും അനിയന്ത്രിതമായ ആഘോഷങ്ങളിലും ഏര്‍പ്പെടരുതെന്ന് വിശ്വാസികളോട് അഭ്യര്‍ഥിക്കണമെന്ന് ഖത്തീബുമാരോട് സംഘടന നിര്‍ദേശിച്ചു.

വ്യാഴാഴ്ച ഖത്തീബുമാര്‍ക്ക് അയച്ച സന്ദേശത്തില്‍, മുസ്ലീങ്ങള്‍ക്ക് ഫുട്‌ബോള്‍ നിരോധിത കായിക ഇനമല്ലെങ്കിലും മതം അനുശാസിക്കുന്ന ചില പരിധികളുണ്ടെന്ന് കമ്മിറ്റി ഓര്‍മിപ്പിച്ചു. ”ഫുട്‌ബോള്‍ ഒരു ലഹരിയാകരുത്. ചില കളികളും കളിക്കാരും നമ്മെ സ്വാധീനിക്കുന്നു, എന്നാല്‍ ഈ സ്വാധീനങ്ങള്‍ ഒരുതരം ലഹരിയായി മാറാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ പ്രേരിപ്പിക്കുന്ന എന്തും ഒരു ലഹരിയാണ്, ‘- സമസ്ത പറയുന്നു. കളിയുടെ പേരില്‍ മുസ്ലീങ്ങള്‍ ജമാഅത്ത് നമസ്‌കാരം ഒഴിവാക്കരുതെന്നും സമസ്ത ഓര്‍മ്മിപ്പിച്ചു.

”ഇന്ത്യയില്‍ രാത്രികാലങ്ങളിലാണ് പല ഫുട്‌ബോള്‍ മത്സരങ്ങളും നടക്കുന്നത്. രാത്രിയില്‍ മത്സരങ്ങള്‍ കാണുന്നവര്‍ ജമാഅത്ത് നമസ്‌കാരം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം,” സന്ദേശത്തില്‍ പറയുന്നു. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു പ്രത്യേക കളിക്കാരനോട് താല്‍പര്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഖുത്ബ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. എന്നാല്‍ താല്‍പ്പര്യം ആരാധനയുടെ തലത്തിലേക്ക് വളരാനും അടിമകളോ ആരാധകരോ ആകുന്ന തലത്തിലേക്ക് മാറാനും അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും, പ്രത്യേകിച്ച് മലബാറില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്‌ലെക്സ് ബോര്‍ഡുകളും വെച്ച് ആഘോഷിക്കുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് കൂടത്തായി പറഞ്ഞത് ഇങ്ങനെ- ”ഈ വളര്‍ച്ച കളിയോടുള്ള സ്നേഹമായി കണക്കാക്കാനാവില്ല. ഇത് വീരാരാധനയുടെ ഒരു ആവിഷ്‌കാരം മാത്രമാണ്, അത് അപകടകരമാണ്. നാം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, വീരാരാധന ശിര്‍ക്കിലേക്ക് (ബഹുദൈവാരാധന) നയിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

”സ്‌പോട്‌സ് മാന്‍ സ്പിരിറ്റോട് കൂടി ഫുട്‌ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാള്‍ സ്‌നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യന്‍ പ്രയാസപ്പെടുമ്പോള്‍ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൌട്ടുകള്‍ ഉയര്‍ത്തുന്നത് ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്. കുട്ടികളുടെ പഠനം തടസപ്പെടാന്‍ അമിതാരാധന കാരണമാകുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാന്‍ വേണ്ടി അര്‍ദ്ധരാത്രിയില്‍ കളികാണുന്ന സ്ഥിതിയാണ്. പ്രാര്‍ത്ഥന തടസപ്പെടരുത്. പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്‌പോര്‍ട്‌സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്”. മുന്‍ ലോകകപ്പുകളിലും പള്ളികളില്‍ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.