വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി ; പൂര്‍ണ്ണമായ തൃപ്തിയില്ലെന്ന് സമരസമിതി
മാസങ്ങളായി തുടന്ന് വന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതേസമയം ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ലത്തീന്‍ സഭാ പ്രതിനിധി പറഞ്ഞു. ഇതോടെ 136 ദിവസം നീണ്ട സമരത്തിനാണ് പരിസമാപ്തി ഉണ്ടായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.
മന്ത്രിസഭാ ഉപസമിതി ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റില്‍വെച്ച് സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിച്ചത്. സമരക്കാരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി ഉറപ്പ് നല്കി. മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റ് നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്കി. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുറമുഖ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചര്‍ച്ചയ്ക്കുശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.