ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ലിംഗം മുറിച്ച് മാറ്റി ഭര്‍ത്താവ്

ഭാര്യ സ്വന്തം വീട്ടില്‍ പോയിട്ട് തിരിച്ച് വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ സ്വന്തം സ്വകാര്യ ഭാഗം മുറിച്ച് മാറ്റി യുവാവ്. മധേപുര ജില്ലയിലെ മുരളിഗഞ്ച് ബ്ലോക്കിലുള്ള രജനി നയാ നഗര്‍ ഗാവ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാതാപിതാക്കളുടെ അടുത്തേക്ക് പോയ ഭാര്യ തിരിച്ചു വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ യുവാവ് സ്വകാര്യഭാഗം മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇരുപത്തിയഞ്ചുകാരനായ കൃഷ്ണ ബാസുകി എന്ന യുവാവാണ് ഭാര്യയോടുള്ള ദേഷ്യത്തിന്റെ സ്വന്തം സ്വകാര്യ ഭാഗം മുറിച്ച് മാറ്റിയത്. മലോധ ഗോല്‍പാറ സ്വദേശിനിയായ അനിത എന്ന യുവതിയെയാണ് കൃഷ്ണ ബാസുകി വിവാഹം ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഉള്ളത്. പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ ബാസുകി ജോലി ചെയ്യുന്നത്. രജനി നയാ നഗറിലേക്കുള്ള വീട്ടിലേക്ക് രണ്ട് മാസം മുമ്പാണ് കൃഷ്ണ ബാസുകി വന്നത്.

എന്നാല്‍ ഈ സമയം ഭാര്യയായ അനിത മാതാപിതാക്കളുടെ ഒപ്പം വീട്ടില്‍ ആയിരുന്നു. അനിത തിരിച്ചെത്താന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ കൃഷ്ണ ബാസുകി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ബന്ധുക്കളാണ് കൃഷ്ണയെ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അതേ സമയം കൃഷ്ണ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയിലുള്ള കൃഷ്ണ അപകടനില തരണം ചെയ്തുവെന്നും ആശങ്കപ്പെടാനില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സുകേഷ് കുമാര്‍ അറിയിച്ചു.