ചാറ്റ് ജിപിടിക്ക് പണികൊടുക്കാന്‍ ‘ബാര്‍ഡ്’ മായി ഗൂഗിള്‍

ഏറെ ആരാധകര്‍ ഉള്ള ചാറ്റ് ജിപിടിയെ നേരിടാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ബാര്‍ഡ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. അധികം വൈകാതെ തന്നെ ഈ ചാറ്റ്‌ബോട്ട് പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. അതിന് മുന്‍പ് തിരഞ്ഞെടുത്ത ടെസ്റ്റര്‍മാര്‍ ബാര്‍ഡ് ഉപയോഗിച്ച് മെച്ചപ്പെടുത്തേണ്ട മേഖലകള്‍ അടക്കം പരിശോധിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.’ലോകത്ത് ഇന്ന് ലഭ്യമായ അറിവുകളെ ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ ശക്തി, ബുദ്ധി, സര്‍ഗ്ഗാത്മകത എന്നിവയുമായി സംയോജിപ്പിക്കാന്‍ ബാര്‍ഡിന് സാധിക്കും’ ബാര്‍ഡ് പ്രഖ്യാപിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ എഴുതുന്നു.

ഗൂഗിളിന്റെ എഐ സേവനങ്ങള്‍ ‘ധീരവും ഉത്തരവാദിത്തമുള്ളതും’ ആയിരിക്കണമെന്ന് ഉറപ്പുനല്‍കുന്നതായി സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ പറയുന്നു. എന്നാല്‍ ചാറ്റ് ബോട്ടുകള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് ബാര്‍ഡ് എങ്ങനെ പരിഹാരം ആകും എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന്റെ ബ്ലോഗ് നിശബ്ദത പാലിക്കുന്നു. ഗൂഗിളിന്റെ വിഭാഗമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാംഡയിലാണ് ബാര്‍ഡ് വികസിപ്പിച്ചത്. മനുഷ്യനെപ്പോലെ പെരുമാറുന്ന ഒപ്പം വികാരം പോലും ഉള്ള ഒരു ചാറ്റ് ബോട്ടാണ് ഇതെന്നാണ് ലാംഡയിലെ ഒരു ഗവേഷകന്‍ അഭിപ്രായപ്പെട്ടതായി ബിബിസി പറയുന്നു. ഇതിനൊപ്പം തന്നെ നിലവിലെ സെര്‍ച്ച് എഞ്ചിനില്‍ പുതിയ എഐ ടൂളുകളും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരാളുടെ ചോദ്യത്തിന് ഒരു കൂട്ടം ഉത്തരങ്ങള്‍ അല്ലാതെ കൃത്യമായ ഉത്തരം നല്‍കാനും വിവരങ്ങള്‍ കണ്ടെത്താനുമാണ് എഐ ചാറ്റ്‌ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും വിജയകരമായ പതിപ്പാണ് ഇപ്പോള്‍ പ്രശസ്തനമായ ചാറ്റ് ജിപിടി. ഇന്റര്‍നെറ്റിനെ ഒരു ഡാറ്റബേസായി ഉപയോഗിച്ച് മീഷെന്‍ ലെണിംഗിന്റെ സാധ്യതകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.