ബഹറിന്‍ വഴി കേരളത്തിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സിംഗിള്‍ ബോര്‍ഡിംങ് പാസ്സ് നല്‍കി കഷ്ടപ്പെടുത്തുന്ന ഗള്‍ഫ് എയര്‍ കമ്പനിയുടെ നിലപാട് അവസാനിപ്പിയ്ക്കുക: നവയുഗം

ദമ്മാം: ദമ്മാമില്‍ നിന്നും ബഹറിന്‍ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയര്‍പോര്‍ട്ടുകളിലേയ്ക്ക് ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക്, ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും സിംഗിള്‍ ബോര്‍ഡിംങ് പാസ്സ് നല്‍കി ബുദ്ധിമുട്ടിലാക്കുന്ന പതിവ് ഗള്‍ഫ് എയര്‍ അധികൃതര്‍ അവസാനിപ്പിയ്ക്കണമന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ഓരോ ഫ്‌ലൈറ്റിലും ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നും ബോര്‍ഡിങ് ചെയ്യുന്ന യാത്രക്കാരില്‍ കുറച്ചു പേര്‍ക്ക് ബഹറിന്‍ വരെയുള്ള സിംഗിള്‍ ബോര്‍ഡിംങ് പാസ്സ് മാത്രം നല്‍കി ബഹറിനില്‍ നിന്നും നാട്ടിലേക്കുള്ള ബോര്‍ഡിങ് പാസ്സ് ബഹറിന്‍ എയര്‍പോര്‍ട്ടില്‍ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിയ്ക്കുകയാണ് ഗള്‍ഫ് എയര്‍ അധികൃതര്‍ ചെയ്യുന്നത്.

എന്നാല്‍ ബഹറിന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഫ്‌ലൈറ്റ് ഓവര്‍ബുക്ക്ഡ് ആണെന്നും, സീറ്റ് ഇല്ലാത്തതിനാല്‍ പിറ്റേന്ന് ഉള്ള ഫ്‌ലൈറ്റില്‍ പോകാമെന്നും പറഞ്ഞ് കൈമലര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അതിനാല്‍ യാത്രക്കാര്‍ക്ക് ബഹറിനില്‍ ഒരു ദിവസം തങ്ങി അടുത്ത ദിവസം നാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അന്ന് തന്നെ നാട്ടില്‍ എത്തണമെന്നുള്ളവര്‍ ഇക്കാരണത്താല്‍ പ്രയാസപ്പെടുകയും, ഇതിനെപ്പറ്റിയൊന്നും മുന്‍കൂര്‍ അറിവില്ലാത്ത യാത്രക്കാര്‍ ആകെ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു.

തുടര്‍ച്ചയായി സ്ത്രീകളും, കുടുംബങ്ങളും ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഉത്സവ കാലത്തെ തിരക്കുള്ള സമയത്ത് കബളിപ്പിയ്ക്കുന്ന ഇത്തരം നിലപാട് തുടര്‍ന്നാല്‍, ഗള്‍ഫ് എയര്‍ കമ്പനിയ്ക്കെതിരെ പ്രവാസികളെ അണിനിരത്തി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള ക്യാമ്പയിന്‍ സംഘടിപ്പിയ്ക്കുമെന്നും വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.