പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല; മാര്‍പാപ്പയുടെ പ്രതിനിധിയെയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത
കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത. അതിരൂപതക്ക് കീഴിലെ ഭൂരിഭാഗം പള്ളികളിലും സര്‍ക്കുലര്‍ വായിച്ചില്ല. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വായിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഏകീകൃത കുര്‍ബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. കുര്‍ബാന തര്‍ക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തില്‍ വത്തിക്കാന്‍ പ്രതിനിധി വ്യക്തമാക്കിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് മാര്‍പ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവില്‍ ഏകീകൃത കുര്‍ബാന നടത്താനുള്ള സിനഡ് നിര്‍ദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.




