സാഹിത്യസാംസ്‌കാരിക പ്രതിഭ എബ്രഹാം തെക്കേമുറിയെ ആദരിച്ചു

പി പി ചെറിയാന്‍

മര്‍ഫി (ഡാളസ്): നാല് പതീറ്റാണ്ടുകള്‍ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ആദരിച്ചു. ടെക്‌സസിലെ പ്ലാനോയില്‍ വിശ്രമ ജീവിതം നയിക്കുന്ന എബ്രഹാം തെക്കേമുറിക്ക് ഐ പി സി എന്‍ റ്റി പ്രസിഡന്റ് സിജു വി ജോര്‍ജ്, അഡൈ്വസറി ബോര്‍ഡ് അംഗം സണ്ണി മാളിയേക്കല്‍, ട്രഷറര്‍ ബെന്നി ജോണ്‍, തോമസ് ചിറമേല്‍, പി സി മാത്യു എന്നിവര്‍ വസതിയില്‍ എത്തി ആദരം അര്‍പ്പിച്ചു. എബ്രഹാം തെക്കേമുറിയുടെ സ്വര്‍ണ്ണക്കുരിശ് നോവല്‍ പ്രസിദ്ധീകരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷീകത്തോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. പൂര്‍വകാല സ്മരണകള്‍ പങ്കിട്ടപ്പോള്‍ അലതല്ലിയ ആഹ്ലാദം തെക്കേമുറിയുടെ മുഖത്തു പ്രതിഫലിച്ചത് സന്ദര്‍ശനത്തിന് എത്തിയവര്‍ക്കും അല്പമല്ലാത്ത ആനന്ദം പകര്‍ന്നുനല്‍കി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സ്ഥാപക പ്രസിഡന്റ്, ലാനാ പ്രസിഡന്റ്, കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് പ്രസിഡന്റ്, കൈരളി മാസിക പത്രാധിപര്‍, കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഭാരവാഹി, ഡാളസ് മാര്‍ത്തോമാ സഭയുടെ ആരംഭകാല സംഘാടകന്‍, തുടങ്ങി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച പ്രഗല്‍ഭനായ വ്യക്തിയാണ് ശ്രീ. എബ്രഹാം തെക്കേമുറി.

അമേരിക്കന്‍ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനാനും, വിമര്‍ശകനുമായ അദ്ദേഹം പറുദീസയിലെ യാത്രക്കാര്‍, ഗ്രീന്‍ കാര്‍ഡ്, സ്വര്‍ണ്ണക്കുരിശ്, ശൂന്യമാക്കുന്ന മ്ലേച്ഛത തുടങ്ങി നിരവധി വധി സര്‍ഗാത്മക സാഹിത്യ സൃഷ്ടികളുടെ രചയിതാവാണ്. സമൂഹം ഇന്നഭിമുഘീകരിക്കുന്ന കാലികപ്രസക്തമായ വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും തൂലിക ചലിപ്പിച്ചു അത് പ്രതിഫലിപ്പിക്കുവാന്‍ കഴിയാത്തതില്‍ അല്പമെങ്കിലും പ്രയാസമുണ്ടെന്ന് എബ്രഹാം തെക്കേമുറി പറഞ്ഞു. കവിതകളും ആദ്യകാല ചലച്ചിത്രഗാനങ്ങളും സന്ദര്‍ശനത്തിന് എത്തിയവര്‍ ആലപിച്ചത് ആസ്വാദ്യകരമായിരുന്നു. ദീര്‍ഘായുസ്സും ആയുരാരോഗ്യവും നേര്‍ന്നുകൊണ്ടാണ് എല്ലാവരും വസതിയില്‍ നിന്നും പിരിഞ്ഞത്.