ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ മാത്യു കുര്യന് മാത്യൂസിന് ഒന്നാം സമ്മാനം
അജ്മാന്: യുഎഇ -ഷാര്‍ജയിലെ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മാത്യു കുര്യന് മാത്യൂസിന് സംഗീത രചനാ മേഖലയില്‍ വീണ്ടും ഉന്നത ബഹുമതി. ഒക്ടോബര്‍ 27ന് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സംഗീത രചനാ മത്സരത്തില്‍ ആണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.
സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ നിന്നുള്ള 80ലധികം സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മാത്യു സംഗീത മേഖലയില്‍ തന്റെ മുദ്ര പതിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍നിന്നുള്ള മാത്യുവിന്റെ സംഗീതയാത്ര ആരംഭിച്ചത് എട്ടാം വയസ്സില്‍ പിയാനോ വായിക്കാന്‍ തുടങ്ങിയപ്പോഴാണ്. വര്‍ഷങ്ങളായി സംഗീത രചനകള്‍ക്കും ആലാപന മത്സരങ്ങളിലെ പ്രകടനങ്ങള്‍ക്കും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ കാര്‍ഷിക പത്രപ്രവര്‍ത്തകനായി സേവനമനുഷ്ഠിക്കുന്ന മാത്യു കിടങ്ങന്നൂരിന്റെയും ജെസ്സി മാത്യുവിന്റെയും ഇളയ മകനാണ് മാത്യു. ഗള്‍ഫ് അഗ്രികള്‍ച്ചര്‍, ഫുഡ് ബിസിനസ് ഗള്‍ഫ് & മിഡില്‍ ഈസ്റ്റ്, പൗള്‍ട്രി & ലൈവ്സ്റ്റോക്ക്, ട്രാവല്‍ ബിസിനസ് മിഡില്‍ ഈസ്റ്റ് മാഗസിന്റെ എഡിറ്ററാണ് മാത്യൂസ് മാത്യു കിടങ്ങന്നൂര്‍.