തൊടുപുഴ കൈവെട്ടുകേസ്: ഭാര്യയും 2 കുട്ടികളുമായി സവാദ് ഒളിവില്‍ താമസിച്ചത് ഷാജഹാന്‍ എന്ന പേരില്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് മട്ടന്നൂരില്‍ താമസിച്ചത് ഷാജഹാന്‍ എന്ന പേരിലെന്ന് അയല്‍വാസി അഷ്റഫ് . ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഇയാളുടെ താമസം. പുലര്‍ച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് 6മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നും അയല്‍വാസി വിശദീകരിച്ചു. മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം താമസിച്ചിരുന്നതിനാല്‍ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവര്‍ഷമായി ഇവിടെ താമസിക്കുന്നു എന്നും അയല്‍വാസി പറഞ്ഞു.
13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മട്ടന്നൂരിലെ ബേരത്ത് നിന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവിടെ മരപ്പണി ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. ഇയാള്‍ ജോലിസ്ഥലത്തേക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു എന്നും അയല്‍പക്കവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അയല്‍വാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എട്ട് മാസമായി കുരുമുക്ക് എന്ന സ്ഥലത്താണ് ഇയാള്‍ മരപ്പണി ചെയ്ത് താമസിച്ചിരുന്നത്. സവാദിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മരപ്പണി പഠിച്ചത് മട്ടന്നൂരില്‍ എത്തിയ ശേഷമാണെന്നാണ് വിവരം.
2011 ലാണ് കൈവെട്ട് കേസ് എന്‍ഐഎ ഏറ്റെടുത്തത്. എന്നാല്‍ ഒന്നാം പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് തിരിച്ചടിയായിരുന്നു. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇനാം 10 ലക്ഷമാക്കി ഉയര്‍ത്തി തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കൈവെട്ട് കേസില്‍ 31 പ്രതികളെ ഉള്‍പ്പെടുത്തി 2015 എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 18 പേരെ വെറുതെ വിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ രണ്ടാംഘട്ടവിചാരണ പൂര്‍ത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എന്‍ഐഎ അന്വേഷിക്കുന്നത്.