കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി; മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഭരണകൂടം ഈ അഴിമതിക്ക് മറുപടി പറഞ്ഞില്ല. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി പറയേണ്ടി വരും. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിപിഇ കിറ്റ് അഴിമതിയെപ്പറ്റി ജനങ്ങള്‍ ചോദിക്കും.

കൊവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതിയാണ്. കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. 1300 കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിക്കാത്തത് എന്തേ?. സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്.

ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറി. അന്വേഷണ ഏജന്‍സികള്‍ പിണറായി വിജയന് മുന്നില്‍ മുട്ട് മടക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്. ആരോപണങ്ങള്‍ പലതും വന്നിട്ടും ഒരു തുമ്പു പോലും കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതികള്‍ പുറത്ത് കൊണ്ടുവന്നത്. സി പി ഐ എമ്മും ബി ജെ പിയും കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് വിലപ്പോവില്ല. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.