കലാമണ്ഡലം സത്യഭാമ; ‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’
തൃശൂര്‍: അന്തരിച്ച താരം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.