മുംബൈയിലെ ഫാക്ടറിയില്‍ സ്ഫോടനം: നാല് മരണം, 25 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കുടുങ്ങി

മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സംഭവത്തിന് പിന്നാലെ, ഫാക്ടറിയില്‍നിന്ന് എട്ട് പേരെ ഒഴിപ്പിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാണ്. എന്‍.ഡി.ആര്‍.എഫ്., ടി.ഡി.ആര്‍.എഫ് സംഘങ്ങളെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങള്‍ കേട്ടതായാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. അ?ഗ്നിരക്ഷാസേനയും ആംബുലന്‍സും സ്ഥലത്തുണ്ട്. കാര്‍ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനലുകള്‍ തകര്‍ന്നു.